ആ ഹെയര്‍ സ്‌റ്റൈലിന് പിന്നിലെ കാരണം വെളിപ്പെടുത്തി റൊണാള്‍ഡോ

First Published 21, Mar 2018, 11:39 AM IST
ronaldo reveals about iconic hair style in 2002 world cup
Highlights
  • ബ്രസീല്‍ 2002 ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ ഏവരുടെയും ശ്രദ്ധ റൊണാള്‍ഡോയുടെ ഹെയര്‍ സ്‌റ്റൈലിലായിരുന്നു

മെല്‍ബണ്‍: 2002ലെ വിഖ്യാതമായ ദക്ഷിണ കൊറിയന്‍- ജപ്പാന്‍ ലോകകപ്പിലാണ് ലാറ്റിനമേരിക്കന്‍ കരുത്തരായ ബ്രസീല്‍ അവസാനമായി ലോകകപ്പുയര്‍ത്തിയത്. എട്ട് ഗോളുകള്‍ നേടിയ സൂപ്പര്‍ താരം റൊണാള്‍ഡോയ്ക്കായിരുന്നു ലോകകപ്പിലെ സുവര്‍ണ പാദുകം. എന്നാല്‍ ഗോളടി മികവിനേക്കാളേറെ അന്ന് ശ്രദ്ധേയമായത് റൊണാള്‍ഡോയുടെ സവിശേഷമായ ഹെയര്‍ സ്‌റ്റൈലായിരുന്നു‍. 

മൊട്ടയടിച്ച് നെറ്റിക്ക് മുകളില്‍ കുറച്ച് മുടി മാത്രം ബാക്കിവെച്ചുള്ള പ്രത്യേക ഹെയര്‍ സ്റ്റൈലുമായാണ് റൊണാള്‍ഡോ ലോകകപ്പിനിറങ്ങിയത്. ഈ ഹെയര്‍ സ്റ്റൈല്‍ തെരഞ്ഞെടുത്തതിന് പിന്നിലെ കാരണം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ബ്രസീലിയന്‍ ഇതിഹാസം. മാധ്യമങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് താന്‍ ആ ഹെയര്‍ സ്റ്റൈല്‍ തെരഞ്ഞെടുത്തതെന്ന് റൊണാള്‍ഡോ പറയുന്നു. 

ലോകകപ്പ് തുടങ്ങുമ്പോള്‍ തന്‍റെ കാലിലെ പരിക്കിനെ കുറിച്ചായിരുന്നു ഏവരുടെയും ചര്‍ച്ച. എന്നാല്‍ ഹെയര്‍ സ്റ്റൈല്‍ മാറ്റിയതോടെ പരിക്ക് വിട്ട് എല്ലാവരുടെയും ശ്രദ്ധ മുടിയിലായി. അത് ലോകകപ്പില്‍ തനിക്ക് ഗുണം ചെയ്തെന്നും നന്നായി പരിശീലനം നടത്താന്‍ കഴിഞ്ഞതായും സൂപ്പര്‍ താരം പറയുന്നു. ഫൈനലില്‍ ജര്‍മ്മനിയെ 2-0ന് തോല്‍പിച്ച് ബ്രസീല്‍ അഞ്ചാം ലോകകപ്പുയര്‍ത്തിയപ്പോള്‍ റൊണാള്‍ഡോയായിരുന്നു കളിയിലെ താരം.

loader