കൊച്ചി, കളമശേരി ഫാക്റ്റ് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍.

കൊച്ചി: കായിക പ്രേമികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ റോയല്‍ സ്‌പോര്‍ട്‌സ് അറീനയുടെ ഫുട്‌ബോള്‍ ലീഗും ഒത്തുച്ചേരല്‍ ആഘോഷവും നാളെ. കൊച്ചി, കളമശേരി ഏലൂര്‍ ഫാക്റ്റ് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍. 38,000ന് അടുത്ത അംഗങ്ങളുള്ള ഫേസ്ബുക്ക് പേജാണ് റോയല്‍ സ്‌പോര്‍ട്‌സ് അറീന. 2015 സെപ്റ്റംബര്‍ 25നാണ് ഗ്രൂപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. 

ഫുട്‌ബോള്‍ ലീഗിന്റെ മൂന്നാം പതിപ്പാണ് നാളെ നടക്കുന്നത്. ഇതിനിടെ രണ്ട് ക്രിക്കറ്റ് ലീഗുകളും സംഘടിപ്പിച്ചിരുന്നു. ഗ്രൂപ്പിലെ അംഗങ്ങള്‍ നാല് ടീമുകളായി തിരിഞ്ഞാണ് ഫുട്‌ബോള്‍ ലീഗ് കളിക്കുക. ചാംപ്യന്മാരാവുന്നവര്‍ക്ക് ട്രോഫിയും നല്‍കും. രാവിലെ ഒമ്പതിന് മത്സരങ്ങള്‍ ആരംഭിക്കും.

ടൂര്‍ണമെന്റിനപ്പുറം ഗ്രൂപ്പ് അംഗങ്ങളുടെ ഒത്തുച്ചേരലിനും സൗഹൃദത്തിനുമാണ് ഒരോ മീറ്റും പ്രാധാന്യം നല്‍കുന്നത്. ഫാന്‍ ഫൈറ്റും മറ്റും ഗ്രൂപ്പില്‍ പതിവാണെങ്കിലും അതിനെല്ലാമപ്പുറത്ത് സൗഹൃദത്തിന് കൂടിയുള്ള വേദിയാണ് ഗ്രൂപ്പ്. 

കേരളത്തിലും ഇന്ത്യക്ക് പുറത്തുമുള്ളവര്‍ ഗ്രൂപ്പിലുണ്ട്. ഇതില്‍ പലരും നേരിട്ട് കണ്ടിട്ടില്ലാത്തവര്‍. എന്നാല്‍ ഗ്രൂപ്പില്‍ എല്ലായ്‌പ്പോഴും ആക്റ്റീവാകുന്നവര്‍. അവര്‍ക്കെല്ലാം നേരിട്ട് കാണാനുള്ള അവസരം കൂടിയാണ് നാളെ കളമശേരിയില്‍ ഒരുങ്ങുന്നത്. മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന ഗ്രൂപ്പിന്റെ കീഴില്‍ ഒരു വെബ്‌സൈറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ആന്‍ഡ്രോയിഡ് അപ്ലിക്കേഷനും.