ജനീവ: റിയോ ഒളിമ്പിക്‌സില്‍ നിന്ന് റഷ്യയെ പൂര്‍ണമായും വിലക്കേണ്ടതില്ലെന്ന് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി തീരുമാനിച്ചു. വ്യക്തിഗത ഇനങ്ങളില്‍ മത്സരിക്കുന്ന റഷ്യന്‍ താരങ്ങളെ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ അനുവദിക്കും. എന്നാല്‍ മുമ്പ് ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് നടപടി നേരിട്ട താരങ്ങള്‍ക്കൊന്നും മത്സരിക്കാനാവില്ല. വ്യക്തിഗത ഇനങ്ങളിൽ പങ്കെടുക്കുന്നവരെയും കർശന പരിശോധനകൾക്കു വിധേയരാക്കും.

ലോക കായിക മാമാങ്കത്തിന് റിയോയില്‍ കൊടിയുയരാന്‍ ദിവസങ്ങള്‍ ശേഷിക്കെയാണ് ഐഒസിയുടെ പുതിയ തീരുമാനം. കഴിഞ്ഞ ദിവസം ലോക കായിക തര്‍ക്കപരിഹാര കോടതിയിലെ വിലക്കും എതിരായതോടെ റഷ്യയ്ക്ക് സമ്പൂർണ വിലക്കു വരുമെന്നായിരുന്നു ലോകം കരുതിയത്. അതിനിടെയാണ് സമ്പൂർണമായി വിലക്കേണ്ടതില്ലെന്ന തീരുമാനം. ഇതോടെ, വനിതാവിഭാഗം പോള്‍വാള്‍ട്ടിലെ ഇതിഹാസതാരം യെലേന ഇസിന്‍ബയേവയടക്കമുള്ള നിരവധി ലോകോത്തര ഒളിംപിക് താരങ്ങളുടെ പ്രകടനം ഇത്തവണത്തെ ഒളിംപിക്സിലും ഉണ്ടാകും.

ഐ ഒ സിയുടെ പുതിയസംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ഓരോ വ്യക്തിഗത കായിക ഇനങ്ങളുടെയും സംഘടനകള്‍ക്ക് സ്വാതന്ത്ര്യം നല്‍കി. റഷ്യയെ പൂര്‍ണമായും വിലക്കണമെന്ന് ആവശ്യപ്പെട്ട അംഗങ്ങളുമായി ഇക്കാര്യത്തില്‍ ധാരണയെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം റഷ്യന്‍ അത്‌ലറ്റുകള്‍ക്കുള്ള അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്റെ വിലക്ക് തുടര്‍ന്നേക്കും. അത്‌ലറ്റിക് ഫെഡറേഷന്റെ വിലക്ക് നീക്കമമെന്ന റഷ്യയുടെ ഹര്‍ജി കഴിഞ്ഞ ദിവസം കായിക തര്‍ക്ക കോടതി തള്ളിയിരുന്നു.

അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ) നടത്തിയ അന്വേഷണത്തില്‍ സര്‍ക്കാര്‍ പിന്തുണയോടെയാണ് അത്‌ലറ്റുകള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു. അധികൃതരുടെ അറിവോടെ തന്നെ റഷ്യന്‍ താരങ്ങള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നുവെന്നു കനേഡിയന്‍ നിയമജ്ഞന്‍ റിച്ചാര്‍ഡ് മക്‌ലാരനാണ് കണ്ടെത്തിയത്. 2014ല്‍ റഷ്യയിലെ സോച്ചിയില്‍ നടന്ന ശീതകാല ഒളിംപിക്‌സില്‍ റഷ്യന്‍ താരങ്ങള്‍ വ്യാപകമായി ഉത്തേജകമരുന്ന് ഉപയോഗിച്ചതായും പിന്നീട് ഇവരുടെ മൂത്രസാംപിളുകള്‍ മാറ്റിയതായും മക്‌ലാരന്‍ കണ്ടെത്തിയിരുന്നു.

സാംപിളുകള്‍ മാറ്റി പുതിയതു നിറയ്ക്കാനുള്ള സംവിധാനങ്ങളടക്കം സര്‍ക്കാര്‍ പിന്തുണയോടെയായിരുന്നു കാര്യങ്ങള്‍. ആഭ്യന്തര ഇന്റലിജന്‍സ് സര്‍വീസിലെ വിദഗ്ധരുടെ മേല്‍നോട്ടത്തിലായിരുന്നു സാംപിളുകള്‍ മാറ്റിക്കൊണ്ടിരുന്നത്. എന്നു മാത്രമല്ല ഡപ്യൂട്ടി സ്‌പോര്‍ട്‌സ് മന്ത്രി യൂറി നഗോര്‍നിഖ് ആയിരുന്നു സംരക്ഷിക്കപ്പെടേണ്ട ‘ഉത്തേജക താരങ്ങളുടെ’ പട്ടിക തയാറാക്കിയിരുന്നതെന്ന അതീവ ഗുരുതരമായ കണ്ടെത്തലും മക്‌ലാരന്റെ റിപ്പോര്‍ട്ടിലുണ്ട്.

ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് റിയോയിലേക്ക് പറക്കാനിരുന്ന 68 റഷ്യന്‍ അത്‌ലറ്റുകളെ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി വിലക്കിയത്. ഇത് ചോദ്യം ചെയ്ത് റഷ്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നെങ്കിലും അപ്പീല്‍ തള്ളിയതാണ് റഷ്യയുടെ ഒളിമ്പിക്ക് മോഹങ്ങളുടെ ചിറകൊടിച്ചത്.

റഷ്യയെ റിയോയിലെത്തിക്കാനുള്ള അവസാന ശ്രമത്തില്‍ പ്രസിഡന്റ് വ്ളാഡിമർ പുടിൻ നേരിട്ട് ഇറങ്ങിയിരുന്നു. സോവിയേറ്റ് യൂണിയന്‍ നേതാവായ മിഹയില്‍ ഗൊര്‍ബച്ചേവും പ്രശ്നത്തില്‍ ഇടപെട്ടിരുന്നു.