ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കേണ്ട തിയ്യതി അടുത്തിരിക്കേ ജര്‍മ്മനിക്ക് തിരിച്ചടി

ബര്‍ലിന്‍: ലോകകപ്പിനൊരുങ്ങുന്ന നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മ്മനിക്ക് ആശങ്ക. പരുക്കേറ്റ ഗോള്‍ കീപ്പര്‍ മാനുവല്‍ നോയര്‍ ലോകകപ്പില്‍ കളിച്ചേക്കില്ല. സീസണില്‍ ബയേണ്‍ മ്യൂണിക്കിന്‍റെ ശേഷിച്ച മത്സരങ്ങളില്‍ നോയര്‍ക്ക് കളിക്കാനാവില്ലെന്ന് കോച്ച് യുപ് ഹെയ്ന്‍കസ് പറഞ്ഞു. 32കാരനായ നോയര്‍ക്ക് കഴിഞ്ഞ സെപ്റ്റംബറിലാണ് പരുക്കേറ്റത്. 

ഈ മാസം അവസാനം നടക്കുന്ന ജര്‍മ്മന്‍ ടീമിന്‍റെ പരിശീലന ക്യാമ്പില്‍ നോയറുടെ ആരോഗ്യനില പരിശോധിച്ച ശേഷമായിരിക്കും ദേശീയ ടീം കോച്ച് ജോക്വിം ലോ അന്തിമ തീരുമാനമെടുക്കുക. കഴിഞ്ഞ ലോകകപ്പില്‍ ജര്‍മ്മനി കിരീടം നേടുന്നതില്‍ നോയര്‍ സുപ്രധാന പങ്ക് വഹിച്ചിരുന്നു. ജൂണ്‍ 17ന് മെക്സിക്കോയ്ക്ക് എതിരെയാണ് ലോകകപ്പില്‍ ജര്‍മ്മനിയുടെ ആദ്യ മത്സരം.