വാണ്ടറേഴ്‌സ്: ഇന്ത്യയ്ക്കെതിരായ ആദ്യ ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 204 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി ഓപ്പണര്‍ ശീഖര്‍ ധവാന്‍ അര്‍ദ്ധ സെഞ്ചുറി നേടി. മറ്റ് ബാറ്റ്സ്മാന്‍മാര്‍ ബൗണ്ടറികളുമായി കുറഞ്ഞ പന്തില്‍ കൂടുതല്‍ റണ്‍സ് കണ്ടെത്തിയപ്പോള്‍ ഇന്ത്യ കൂറ്റന്‍ സ്കോറിലെത്തുകയായിരുന്നു.
ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ച ദക്ഷിണാഫ്രിക്കയുടെ തീരുമാനം തെറ്റെന്ന് തോന്നിച്ചാണ് മത്സരം തുടങ്ങിയത്. സഹഓപ്പണര്‍ ശീഖര്‍ ധവാനെ സാക്ഷിയാക്കി രോഹിത് ശര്‍മ്മ തകര്‍പ്പന്‍ അടികളുമായി തുടങ്ങി. എന്നാല്‍ രണ്ട് വീതം സിക്സും ബൗണ്ടറിയുമായി തകര്‍ത്താടിയ രോഹിത് ടീം സ്കോര്‍ 23ല്‍ നില്‍ക്കേ വീണു. ഒമ്പത് പന്തില്‍ 21 റണ്‍സെടുത്ത രോഹിതിനെ ജൂനിയര്‍ ഡലാ പറഞ്ഞയയ്ക്കുകയായിരുന്നു.
മൂന്നാമനായി പ്രമോഷന്‍ ലഭിച്ച സുരേഷ് റെയ്ന മടങ്ങിവരവ് ഗംഭീരമാക്കുന്നതിന്‍റെ സൂചന നല്‍കി. എന്നാല്‍ ഡലായുടെ പന്തില്‍ ഏഴ് പന്തില്‍ 15 റണ്‍സുമായി റെയ്ന മടങ്ങുമ്പോള്‍ ഇന്ത്യ രണ്ടിന് 49. എന്നാല്‍ ധവാനൊപ്പം ചേര്‍ന്ന കോലി ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്തി. എന്നാല്‍ 20 പന്തില്‍ 26 റണ്‍സെടുത്ത കോലി ചൈനാമാന്‍ ഷംസിയുടെ എല്‍ബിഡബ്ലുവില്‍ കുടുങ്ങി മടങ്ങിയതോടെ കൂറ്റന്‍ സ്കോറെന്ന സ്വപ്നം പാതി അവസാനിച്ചു.
ഇതിനിടെ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ധവാന്‍ കൂറ്റനടികള്‍ തുടര്‍ന്നതോടെ വീണ്ടും പ്രതീക്ഷ മുളച്ചു. എന്നാല്‍ വെടിക്കെട്ട് ബാറ്റിംഗുമായി കുതിച്ച ധവാനെ 14.4 ഓവറില്‍ ഫെലൂക്വായോ മടക്കിയതോടെ ദക്ഷിണാഫ്രിക്ക മത്സരം തിരിച്ചുപിടിച്ചു. പത്ത് ബൗണ്ടറിയും രണ്ട് സിക്സുമായി 39 പന്തില്‍ 72 റണ്‍സെടുത്ത് ധവാന്‍ മടങ്ങുമ്പോള്‍ ഇന്ത്യ 155-4. മധ്യനിരയില്‍ മനീഷ് പാണ്ഡെ- എംഎസ് ധോണി സഖ്യത്തിന്‍റെ കടമയായി പിന്നീടുള്ള സ്കോറിംഗ്.
എന്നാല്‍ 19-ാമത്തെ ഓവറിലെ ആദ്യ പന്തില്‍ ധോണിയെ(11 പന്തില്‍ 16) യോര്‍ക്കറില്‍ മോറിസ് മടക്കിയപ്പോള്‍ അഞ്ചിന് 183 എന്ന സുരക്ഷിത സ്കോറിലെത്തിയിരുന്നു ഇന്ത്യ. അവസാന മിനുറ്റുകളില്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യ എന്ന കൂറ്റന്‍ സ്കോറിലെത്തി. 29 റണ്‍സുമായി മനീഷ് പാണ്ഡെയും 13 റണ്‍സുമായി ഹര്‍ദിക് പാണ്ഡ്യയും പുറത്താകാതെ നിന്നു.
