കൊച്ചി: കേരള രഞ്ജി താരം സച്ചിൻ ബേബിയെ ക്ലീൻ ബൗൾഡാക്കി പ്രതിശ്രുത വധു ഡോ.അന്ന ചാണ്ടി. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലായിരുന്നു രസകരമായ സംഭവം. ജനുവരി അഞ്ചിന് വിവാഹിതരാവാന്‍ പോവുന്ന ഇരുവരുടെയും വിവാഹത്തിനുള്ള ക്ഷണമാണ് വ്യത്യസ്തതകൊണ്ട് വൈറലാവുന്നത്.

ഐപിഎല്ലില്‍ വിരാട് കൊഹ്‌ലിയുടെ ടീമായ ബംഗലൂരു റോയല്‍ ചലഞ്ചേഴ്സിന്റെ താരമായ സച്ചിന്‍ ബേബി ബംഗലൂരു ജേഴ്സി അണിഞ്ഞ് ക്രീസിലേക്ക് ഇറങ്ങുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്. ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കൂറ്റന്‍ ഛായ ചിത്രത്തെ സാക്ഷിയാക്കി 'സച്ചിന്‍...സച്ചിന്‍...'എന്ന ആരവത്തിന്റെ അകമ്പടിയോടെ ക്രീസിലെത്തുന്ന സച്ചിന്‍ ബേബിക്ക് പന്തെറിയുന്നത് പ്രതിശ്രുത വധു അന്നാ ചാണ്ടിയാണ്. അന്നാ ചാണ്ടിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാകുന്ന സച്ചിന്‍ തിരികെ ഡ്രസ്സിംഗ് റൂമിലേക്കല്ല പോവുന്നതെന്ന വ്യത്യാസമുണ്ട്.

ഐപിഎല്‍ ഗാനത്തിന്റെ അകമ്പടിയില്‍ വിക്കറ്റെടുത്തത് ആഘോഷിക്കുന്ന അന്നയ്ക്ക് അരികിലേക്കാണ് സച്ചിന്‍ പോവുന്നത്. ക്ലീന്‍ ബൗള്‍ഡാക്കിയ സച്ചിന് നെറുകയില്‍ പ്രണയത്തോടെ ഒരു ചുടുചുംബനം നല്‍കി അന്ന കേരള താരത്തെ അവിടെയും പരാജയപ്പെടുത്തി. കോക്കനട്ട് വെഡ്ഡിങ് സിനിമാസ് മനോഹരമായ വീഡിയോയായി പുറത്തിരിക്കുന്നത്. യുട്യൂബില്‍ ഒരുലക്ഷത്തിലധികം പേരാണ് ഇതിനകം വീഡിയോ കണ്ടത്.