കൊച്ചി: ഐഎസ്എല്‍ മൂന്നാം സീസണിന് മുന്നോടിയായി ടീമിനെയും ടീമിന്‍റെ പുതിയ പ്രമോട്ടര്‍മാരെയും പരിചയപ്പെടുത്തുന്ന ചടങ്ങ് കൊച്ചിയില്‍ നടന്നു. ടീമിന്‍റെ ഉടമ സച്ചിന്‍ പ്രമോട്ടര്‍മാരായ അല്ലു അരവിന്ദ്, ചിരംഞ്ജീവി, നാഗാര്‍ജ്ജുന എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കസവ് മുണ്ടുടുത്താണ് പ്രമോട്ടര്‍മാര്‍ രംഗത്ത് എത്തിയത്. നിവിന്‍ പോളിയെ കേരള ബ്ലാസ്റ്റേര്‍സിന്‍റെ യുവ ബ്രാന്‍റ് അംബാസിഡറായി പ്രഖ്യാപിച്ചു.
സീസണിന് മുന്നോടിയായുള്ള വിദേശ പരിശീലനത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നു തായ്‌ലന്‍ഡിലേക്കു പറക്കും.
കഴിഞ്ഞ വര്‍ഷം ഐഎസ്എല്‍ രണ്ടാം സീസണില്‍ വിദേശ പരിശീലനം നടത്താത്ത ഏക ടീമെന്ന വിശേഷണവുമായി കളത്തിലിറങ്ങി നിലംപരിശായതിന്റെ ക്ഷീണം മറന്നാണു ബ്ലാസ്റ്റേഴ്‌സ് ഇന്നു രാത്രി തായ്‌ലന്‍ഡിലേക്കു പറക്കുന്നത്. മലയാളികളുടെ ഓണാഘോഷവേളയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആവേശം ആരാധകരുമായി പങ്കുവയ്ക്കുന്നതു മികച്ച യാത്രയയപ്പാണെന്നു ടീം മാനേജ്‌മെന്‍റ് കരുതുന്നു.
ഐ.എസ്.എല്ലിലെ ആദ്യ സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ച ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞ സീസണില്‍ പ്രതീക്ഷിച്ച കളി പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. സെമി ഫൈനലില്‍ പോലും പ്രവേശിക്കാന്‍ കഴിയാതിരുന്ന ടീമിന്‍റെ മാനേജ്‌മെന്‍റില്‍ ഉള്‍പ്പെടെ മാറ്റം വന്നു. പുതിയ മാനേജ്‌മെന്റിന്‍റെ കീഴില്‍ സ്വദേശികളും വിദേശികളുമായ താരങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
