ആരാധകര്‍ വിരാട് കോലിയെ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി താരതമ്യം ചെയ്യാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. സച്ചിന്റെ പേരിലുള്ള റെക്കോര്‍ഡുകളെല്ലാം കോലി തകര്‍ക്കുമെന്ന് വിശ്വസിക്കുന്നവരാണ് അധികവും.

മുംബൈ: ആരാധകര്‍ വിരാട് കോലിയെ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി താരതമ്യം ചെയ്യാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. സച്ചിന്റെ പേരിലുള്ള റെക്കോര്‍ഡുകളെല്ലാം കോലി തകര്‍ക്കുമെന്ന് വിശ്വസിക്കുന്നവരാണ് അധികവും.

എന്നാല്‍ ഇത്തരം താരതമ്യങ്ങളുടെ ആരാധകനല്ല താനെന്ന് വ്യക്തമാക്കുകയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. കോലിയുടെ കവര്‍ ഡ്രൈവുകളാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നും തന്റെ സ്ട്രെയിറ്റ് ഡ്രൈവുകള്‍ കൊണ്ട് ആരാധകരെ ആവേശംകൊള്ളിച്ച സച്ചിന്‍ എന്‍ഡിടിവിയോട് പറഞ്ഞു.

കവര്‍ ഡ്രൈവ് കളിക്കുമ്പോള്‍ കോലിയുടെ മുന്നോട്ടാഞ്ഞുള്ള നില്‍പ്പും ബാലന്‍സും ആണ് എനിക്കേറ്റവും ഇഷ്ടം. ഓരോ ബാറ്റ്സ്മാനും ഓരോ ഷോട്ടുകളുണ്ട്. അങ്ങനെയാണെങ്കില്‍ കവര്‍ ഡ്രൈവ് കോലിയുടെ പേരിലാണ് അറിയപ്പെടുകയെന്നും സച്ചിന്‍ പറഞ്ഞു.

വരാനിരിക്കുന്ന ഓസ്ട്രേലിയന്‍ പരമ്പരയില്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ടെന്നും സച്ചിന്‍ പറഞ്ഞു. സ്വന്തം നാട്ടില്‍ ഓസീസിനെ തോല്‍പ്പിക്കുക എളുപ്പമല്ല. എങ്കിലും ഇപ്പോഴത്തെ ഓസീസ് ബാറ്റിംഗ് നിരക്ക് ആഴമില്ല. അവരുടെ ബൗളിംഗ് മികച്ചതാണ്. അതുകൊണ്ടുതന്നെ ഏത് തരം പിച്ചാണ് അവര്‍ ഒരുക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും പരമ്പരയുടെ അന്തിമഫലം.

നമുക്കും മികച്ച ബൗളിംഗ് നിരയുണ്ട്. മികച്ച സ്പിന്നര്‍മാരും. എന്നാല്‍ ബാറ്റിംഗ് നിരയുടെ ഭാഗത്തുനിന്ന് കാര്യമായ സംഭാവനയുണ്ടെങ്കില്‍ ഇന്ത്യക്ക് പരമ്പര വിജയം സാധ്യമാണെന്നും സച്ചിന്‍ പറഞ്ഞു.