മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കാര്‍ ശേഖരത്തിലേക്ക് മറ്റൊന്നു കൂടി. ബിഎംഡബ്ലിയുവിന്റെ പുതിയ മോഡലായ '750 എൽഐ എം സ്പോർട്ട്' ആണ് സച്ചിന്‍ സ്വന്തമാക്കിയത്. സച്ചിനായി രൂപമാറ്റം വരുത്തിയാണ് ബിഎംഡബ്ലിയു കാര്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് നല്‍കിയത്.ക്രിക്കറ്റ് കഴിഞ്ഞാല്‍ സച്ചിന് ഏറെ ഇഷ്ടമുള്ള ഒന്നാണ് കാറുകള്‍. ഫെറാറിയും ബിഎംഡബ്ലിയുവും അടക്കമുള്ള കമ്പനികളുടെ സൂപ്പര്‍ലക്ഷ്വറി കാറുകള്‍ ഒരുപാടുണ്ട് സച്ചിന് സ്വന്തമായി.

ബിഎംഡബ്ല്യു ഇന്ത്യയുടെ ബ്രാൻഡ് അമ്പാസിഡര്‍ കൂടിയായ സച്ചിന്റെ ഗ്യാരേജിലെ ഏറ്റവും പുതിയ താരമാണ് ബിഎംഡബ്ലിയു 750 എൽഐ എം സ്പോർട്ട്. സച്ചിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ കാറില്‍ ക്രിക്കറ്റ് ഇതിഹാസത്തിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള മാറ്റങ്ങളും കമ്പനി വരുത്തിയിട്ടുണ്ട്.

പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 4.7 സെക്കന്റ് മാത്രം വേണ്ടി വരുന്ന കാറിന്റെ പരമാവധി വേഗം 250 കിലോമീറ്ററാണ്. ഒന്നരക്കോടി രൂപയിലേറെയാണ് വില. ബിഎംഡബ്ല്യുവിന്റെ ഹൈബ്രിഡ് വാഹനമായ ഐ 8ന്റെ ഇന്ത്യയിലെ ‍ആദ്യ ഉടമയും സച്ചിനാണ്. ചുവപ്പ് നിറത്തിലുള്ള കാറിന്റെ നിറം സച്ചിന്‍ പിന്നീട് നീലയാക്കിയിരുന്നു.