ദില്ലി: മാസങ്ങളുടെ ഇടവേളയ്ക്കുശേഷം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വ്യാഴാഴ്ച വീണ്ടും രാജ്യസഭയിലെത്തി. എന്നാല്‍ സഭാ നടപടികള്‍ വീക്ഷിക്കുക മാത്രം ചെയ്ത സച്ചിന്‍ ഒറ്റ ചോദ്യം പോലും ചോദിക്കുകയോ സഭാ നടപടികളില്‍ ഇടപെടുകയോ ചെയ്തില്ല. ബോക്സിംഗ് ഇതിഹാസം മേരി കോമും ഇന്നലെ സഭയില്‍ എത്തിയിരുന്നു.

സച്ചിന്റെയും ബോളിവുഡ് താരം രേഖയുടെയും രാജ്യസഭാംഗത്വത്തെ വിമര്‍ശിച്ച് സമാജ്‌വാദി പാര്‍ട്ടി എംപി നരേഷ് അഗര്‍വാള്‍ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. നിരന്തരം സഭയില്‍ ഹാജരാവാത്ത ഇരുവരും രാജ്യസഭാംഗത്വം രാജിവെയ്ക്കണമെന്ന് നരേഷ് അഗര്‍വാള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സച്ചിന്‍ സഭയില്‍ എത്തിയത്.

2012 ഏപ്രിലിലാണ് സച്ചിനും രേഖയും രാജ്യസഭാംഗങ്ങളായി നോമിനേറ്റ് ചെയ്യപ്പെട്ടത്. അതിനുശേഷം രേഖ സഭ സമ്മേളിച്ച ദിവസങ്ങളുടെ അഞ്ച് ശതമാനം ദിവസങ്ങളില്‍ മാത്രമാണ് സഭയില്‍ ഹാജരായത്. സച്ചിനാകട്ടെ ഏഴു ശതമാനം ദിവസമാണ് സഭയിലെത്തിയത്. ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ സച്ചിന് രേഖയെക്കാള്‍ കുറച്ചുകൂടി ഭേദപ്പെട്ട റെക്കോര്‍ഡുണ്ട്. അഞ്ച് വര്‍ഷത്തിനിടെ സച്ചിന്‍ 22 ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ രേഖ ഒന്നു പോലും ചോദിച്ചില്ല.