മുംബൈ: ക്രീസിലും പുറത്തും മാന്യതയുടെ ആൾരൂപമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. സച്ചിനെ പ്രകോപിതനായി കാണുന്നത് വളരെ ചുരുക്കമാണ്. അങ്ങനെയുള്ള സച്ചിന്‍ ഒരു ടിവി ഷോയ്ക്കിടെ ഗ്ലാസ് അടിച്ചുതകര്‍ത്തു എന്ന് പറഞ്ഞാല്‍ ആരും വിശ്വിസിക്കില്ല. എന്നാല്‍ സംഗതി സത്യമാണ്. സാധാരണ റെക്കോർഡുകൾ തകർക്കാനായി ബാറ്റ് കൈയിലെടുക്കാറുള്ള സച്ചിന്‍ ഇത്തവണ ബാറ്റ് കൈയിലിടെുത്തത് ഗ്ലാസ് അടിച്ചുതകര്‍ക്കാനായിരുന്നു.ഒരു മറാത്ത ടിവി ചാനൽ പരിപാടിയ്ക്കിടെയായിരുന്നു സച്ചിന്റെ സാഹസം.

തന്റെ കരിയറും ജീവിതവും പറയുന്ന സിനിയായ സച്ചിൻ:എ ബില്ല്യൺ ഡോളർ ഡ്രീംസിന്റെ പോസ്റ്റർ പ്രകാശനം ചെയ്യാനായാണ് സച്ചിന്‍ പോസ്റ്ററിനെ മറച്ച് വെച്ചിരുന്നു ഗ്ലാസ് ബാറ്റുകൊണ്ട് അടിച്ചുപൊട്ടിച്ചത്. 'ചലാ ഹവാ യു ദ്യാ' എന്ന ചാനല്‍ പരിപാടിയിൽ സച്ചിന്റെ പത്‌നി അഞ്ജലിയും പങ്കെടുത്തു.

ബാഹുബലിക്കുശേഷം ഇന്ത്യയാകെ ഉറ്റുനോക്കുന്ന റിലീസാണ് സച്ചിന്റെ ആത്മകഥാ ചിത്രം .ചിത്രത്തിന്റെ ട്രെയിലറും ആദ്യഗാനവും പുറത്തിറങ്ങി ദിവസങ്ങൾക്കകം തന്നെ വൻ ഹിറ്റായിരുന്നു. ചിത്രം മെയ് 26 ന് തീയേറ്ററുകളിലെത്തും. ബ്രിട്ടിഷുകാരനായ ജയിംസ് എർസ്‌കിനാണ് ചിത്രത്തിന്റെ സംവിധായകൻ. എ.ആർ.റഹ്മാനാണ് സംഗീതം പകർന്നിരിക്കുന്നത്. സച്ചിനും ഭാര്യയും മക്കളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കൂടാതെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്.ധോണിയും വിരേന്ദർ സെവാഗും ചിത്രത്തിലുള്ളതായി റിപ്പോര്‍ട്ടുണ്ട്.