ദില്ലി: ക്രിക്കറ്റ് താരവും രാജ്യസഭാംഗവുമായ സച്ചിൻ ടെൻഡുൽക്കർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. തന്റെ ജീവചരിത്രം പറയുന്ന'സച്ചിൻ: എ ബില്ല്യൺ ഡോളർ ഡ്രീംസ്' എന്ന സിനമയുടെ പ്രമോഷന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ അനുഗ്രഹം തേടി സച്ചിനെത്തിയത്. സച്ചിൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. സിനിമയെക്കുറിച്ച് പ്രധാനമന്ത്രിയോട് വിശദമായി സംസാരിച്ചുവെന്ന് സച്ചിന്‍ പറഞ്ഞു.
ചിത്രത്തിന് എല്ലാ ആശംസകളും പ്രധാനമന്ത്രി നേർന്നെന്നും സച്ചിന്‍ ട്വിറ്ററിൽ കുറിച്ചു. തന്‍റെ ക്രിക്കറ്റ് ജീവിതത്തിലെ നല്ല നിമിഷങ്ങൾ മാത്രമല്ല മോശം അവസ്ഥകളും ചിത്രത്തിൽ വിവരിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയ കോഴ വിവാദമടക്കമുള്ള വിഷയങ്ങളും ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ടെന്നും സച്ചിൻ പറഞ്ഞു. കൂടിക്കാഴ്ച ഏറെ നേരം നീണ്ടു നിന്നു. ഭാര്യ അഞ്ജലിക്കൊപ്പമാണ് സച്ചിൻ പ്രധാനമന്ത്രിയെ സന്ദർശിച്ചത്.
സച്ചിന്‍ സന്ദര്‍ശിച്ചകാര്യത്തെക്കുറിച്ച് പിന്നീട് പ്രധാനമന്ത്രിയും ട്വീറ്റ് ചെയ്തു. സച്ചിന്റെ കരിയറും ജീവിതവും ഓരോ ഇന്ത്യക്കാരനും പ്രചോദനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഞായറാഴ്ച നടന്ന ഒരു ചടങ്ങില്‍ കുട്ടികളോട് സംവദിക്കവെ പ്രധാനമന്ത്രി സച്ചിന്റെ ജീവതത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. മത്സരം മറ്റുള്ളവരോടാവരുതെന്നും അനവവനോട് തന്നെയാകണമെന്നും പ്രധാനമന്ത്രി സച്ചിന്റെ ജീവിതത്തെ ഓര്‍മിപ്പിച്ച് കുട്ടികളോട് വ്യക്തമാക്കിയിരുന്നു. ഇതിന് സച്ചിന്‍ നന്ദി പറഞ്ഞു. ഏത് കാര്യം ചെയ്യുമ്പോഴും കച്ച തയാറാടെുപ്പാണ് പ്രധാനമെന്നും സച്ചിന്‍ പറഞ്ഞു.
ചിത്രത്തിന്റെ ട്രെയിലറും ആദ്യഗാനവും പുറത്തിറങ്ങി ദിവസങ്ങൾക്കകം തന്നെ വൻ ഹിറ്റായിരുന്നു. ചിത്രം മെയ് 26 ന് തീയേറ്ററുകളിലെത്തും. അതിനിടെ, കേരളം, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ ചിത്രത്തിന് നികുതി ഒഴിവാക്കിയിരുന്നു. ഇരു സംസ്ഥാനങ്ങളിലെയും മന്ത്രിസഭാ യോഗങ്ങളാണ് ഈ തീരുമാനം എടുത്തത്.
