ദില്ലി: 24 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ തന്നെ ഏറ്റവുമധികം പേടിപ്പിച്ച ബൗളറെക്കുറിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ തുറന്നുപറച്ചില്‍. വസീം അക്രമോ വഖാര്‍ യൂനുസോ ഷൊയൈബ് അക്തറോ ഗ്ലെന്‍ മക്‌ഗ്രാത്തോ ഒന്നുമല്ല ആ ബൗളര്‍, ദക്ഷിണാഫ്രിക്കന്‍ നായകനായിരുന്ന ഹാന്‍സി ക്രോണിയയുടെ ബൗളിംഗിനെ നേരിടാനാണ് താന്‍ ഏറ്റവുമധികം പേടിച്ചിരുന്നതെന്നാണ് സച്ചിന്‍ വെളിപ്പെടുത്തിയത്. താന്‍ നേരിട്ടുള്ളതില്‍ ഏറ്റവും കടുപ്പമേറിയ ബൗളറായിരുന്നു ക്രോണിയ എന്നു പറഞ്ഞ സച്ചിന്‍ ക്രോണിയ തന്നെ നിരവധി തവണ പുറത്താക്കിയിട്ടുണ്ടെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ പങ്കെടുത്തുകൊണ്ട് വ്യക്തമാക്കി.

മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സേവാഗിന്റെ ബാറ്റിംഗ് താന്‍ ഏറെ ആസ്വദിച്ചിരുന്നുവെന്നും സച്ചിൻ പറഞ്ഞു. പ്രവചനാതീതമായിരുന്നു സേവാഗിന്റെ ബാറ്റിംഗ്. അതു തന്നെയായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിംഗിന്റെ പ്രത്യേകതയെന്നു പറഞ്ഞ സച്ചിൻ സേവാഗിനൊപ്പം ബാറ്റ് ചെയ്യുമ്പോൾ അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് പറയാൻ പറ്റില്ലായിരുന്നുവെന്നും വ്യക്തമാക്കി. ഒന്നിച്ചുള്ള കുറച്ചു മത്സരങ്ങൾ പിന്നിട്ട ശേഷമാണ് തനിക്ക് സേവാഗിന്റെ രീതികൾ മനസിലായതെന്നും പിന്നീട് അദ്ദേഹത്തിന്റെ ബാറ്റിംഗ് താൻ ഏറെ ആസ്വദിച്ചുവെന്നും സച്ചിൻ പറഞ്ഞു. സേവാഗിനൊപ്പം ബാറ്റ് ചെയ്തിട്ടുള്ള എല്ലാ ബാറ്റ്മാൻമാർക്കും ഒരു പക്ഷേ തന്റെ അനുഭവം തന്നെയായിരിക്കാം ഉണ്ടായിട്ടുള്ളതെന്നും സച്ചിൻ പറഞ്ഞു.

മക്‌ഗ്രാത്തിനെതിരെ പലപ്പോഴും കരുതിക്കൂട്ടിതന്നെ ആക്രമിച്ചു കളിച്ചിട്ടുണ്ടെന്നും സച്ചിന്‍ പറഞ്ഞു. ഒരു മത്സരത്തില്‍ മക്ഗ്രാത്തിന്റെ ഒരോവറിനുശേഷം ഞാന്‍ ഗാംഗലിയോട് പറഞ്ഞു ഇങ്ങനെ പോയാല്‍ ഈ കളിയില്‍ മക്ഗ്രാത്തിന്റെ ബൗളിംഗ് നിലവാരം 8-5-6-4 എന്നായിരിക്കും. അതുകൊണ്ട് മക്ഗ്രാത്തിനെ ആക്രമിച്ചു കളിച്ചേ മതിയാവൂ. അങ്ങനെ മക്ഗ്രാത്തിന്റെ താളം തെറ്റിക്കാനായിരുന്നു അത്തരത്തില്‍ ആക്രമിച്ചു കളിച്ചത്.