ഈ മഴയൊന്ന് മാറിയിരുന്നെങ്കില്‍... കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ കളി കാണാനെത്തിയവര്‍ക്ക് മാത്രമല്ല, ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെയും പരിശീലകന്‍ രവി ശാസ്‌ത്രിയുടെയും ആഗ്രഹവും പ്രാര്‍ത്ഥനയും ഇതായിരുന്നു. മഴ എപ്പോള്‍ മാറും, കാലാവസ്ഥാ നിരീക്ഷണകേന്ദ്രം എന്താണ് പറയുന്നത്? ഇതേക്കുറിച്ചൊക്കെ അറിയാന്‍ കോലിയ്‌ക്കും ശാസ്‌ത്രിയ്‌ക്കുമുള്ള ജിജ്ഞാസയെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇക്കാര്യത്തില്‍ ആദ്യദിനം മുതല്‍ ബംഗാളുകാരനായ വൃദ്ധിമാന്‍ സാഹയുടെ സേവനമാണ് കോലിയും ശാസ്‌ത്രിയും പ്രയോജപ്പെടുത്തിയത്. കാറ്റിന്റെ ദിശ മനസിലാക്കി, മഴ എപ്പോള്‍ തുടങ്ങുമെന്നും മറ്റും സാഹ, ക്യാപ്റ്റനും പരിശീലകനും പറഞ്ഞുകൊടുക്കുന്ന വീഡിയോ ബിസിസിഐ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടു. ആദ്യ ദിനം മൂന്നിന് 17 എന്ന നിലയില്‍ ബാറ്റിങ് തുടര്‍ന്ന ഇന്ത്യയ്‌ക്ക് ഇന്ന് ആദ്യ സെഷന്‍ മാത്രമാണ് ബാറ്റുചെയ്യാനായത്. ലഞ്ചിന് പിരിയുമ്പോള്‍ അഞ്ചിന് 74 എന്ന നിലയിലായിരുന്നു ഇന്ത്യ. മഴ ശക്തമായതിനെത്തുടര്‍ന്ന് ലഞ്ചിന് ശേഷം മല്‍സരം പുനഃരാരംഭിക്കാനായിട്ടില്ല.