ഹോങ്കോങ്: ഇന്ത്യന്‍ താരങ്ങളായ പി വി സിന്ധുവും സൈന നേവാളും ഹോങ്കോങ് ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ ക്വാര്‍ട്ടറില്‍ കടന്നു. കഴിഞ്ഞ ആഴ്‌ച ചൈന ഓപ്പണ്‍ കിരീടം സ്വന്തമാക്കിയ, സിന്ധു, ചൈനീസ് താ‌യ്‌പേയ് താരം സു യാ ചിങിനെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍: 21-10 21-14. മറ്റൊരു മല്‍സരത്തില്‍ ജാപ്പനീസ് താരം സയാക സാറ്റോയെയാണ് സൈന നേവാള്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: 21-18 9-21 21-16.

റിയോ ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവ് കൂടിയായ പി വി സിന്ധു അനായാസമായാണ് ജയിച്ചുകയറിയത്. എന്നാല്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ സൈന നേവാളിന് ജപ്പാന്‍ താരത്തില്‍നിന്ന് കനത്ത വെല്ലുവിളിയാണ് നേരിടേണ്ടിവന്നത്.

ക്വാര്‍ട്ടറില്‍ സിംഗപ്പുര്‍ താരം സിയാവു ലിയാങിനെയാണ് പി വി സിന്ധു നേരിടുക. അതേസമയം പരിക്കില്‍നിന്ന് മോചിതയായി കോര്‍ട്ടിലേക്ക് തിരിച്ചെത്തിയ സൈനയ്‌ക്ക് ഹോങ്കോങ് താരം ചിയുങ് നഗാന്‍ യിയെയാണ് നേരിടേണ്ടത്.