ബെംഗളുരു: പരിശീലനത്തിന് പണമില്ലാത്തതിനാൽ മെഡലുകൾ വിൽക്കാനൊരുങ്ങി മലയാളി നീന്തൽ താരം സജൻ പ്രകാശ്. വിദഗ്ധ പരിശീലനത്തിനായി ലക്ഷങ്ങൾ വേണമെന്നിരിക്കെ സർക്കാർ ജോലിയിൽ നിന്നുള്ള ശമ്പളം ഉൾപ്പടയെുള്ള സഹായം കിട്ടുന്നില്ലെന്ന് സജൻ പ്രകാശ് പറയുന്നു.
കോമൺവെൽത്ത് ഗെയിംസും ഏഷ്യൻ ഗെയിംസും വരാനിരിക്കുന്നു. മെഡലുകള്‍ ഉന്നമിട്ട് മികച്ച തയ്യാറെടുപ്പാണ് ദേശീയ ചാമ്പ്യൻ സജൻ പ്രകാശിന്‍റെ ലക്ഷ്യം. തായ്‍ലൻഡിലും സ്പെയ്നിലും ദുബായിലും വിദഗ്ധ പരിശീലനം. ഇതെല്ലാം വെളളത്തിലാവുമോ എന്ന് ഇപ്പോഴത്തെ ആശങ്ക. പരിശീലനത്തിന് ലക്ഷങ്ങൾ വേണം. സഹായിക്കാൻ സർക്കാർ ഉൾപ്പടെ ആരുമില്ലെന്ന് സജൻ.
പരിശീലനം മുടങ്ങാതിരിക്കാൻ വഴി തേടുകയാണ് മുൻ അത്‍ലറ്റുകൂടിയായ അമ്മ ഷാന്‍റിമോൾ. മത്സരങ്ങൾക്ക് പോകുന്നതെല്ലാം സ്വന്തം ചെലവിലാണ്. പൊരുതി നേടിയ മെഡലുകൾ വിറ്റിട്ടായാലും തുക കണ്ടെത്താനുളള ആലോചനയിലാണിവർ. ജനുവരിയിൽ കേരള പൊലീസിൽ നിയമനം കിട്ടിയെങ്കിലും സാങ്കേതിക പ്രശ്നങ്ങളിൽ കുടുങ്ങി ശമ്പളം ഇതുവരെ കിട്ടിയിട്ടില്ല. വലിയ ചാമ്പ്യൻഷിപ്പുകൾ മുന്നിൽ നിൽക്കെ പരിശീലനത്തിന് സാമ്പത്തിക ബുദ്ധിമുട്ട് തടസ്സമാവാതിരിക്കാൻ സർക്കാർ ഇടപെടുമെന്നാണ് സജന്‍റെ പ്രതീക്ഷ.
