തിരുവനന്തപുരം: കായിക താരങ്ങളെ കേരളത്തിലെ സര്‍ക്കാരുകൾ അവഗണിക്കുകയാണെന്ന് ഒളിംപ്യൻ സജൻ പ്രകാശ്. സര്‍ക്കാര്‍ ജോലി നല്‍കുമെന്ന വാഗ്ദാനം പാലിക്കാത്തതിനാൽ, കേരളത്തിനായി മത്സരിക്കാന്‍ കഴിയുന്നില്ലെന്നും സജന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന ദേശീയ ഗെയിംസിൽ മെഡൽ നേടിയ താരങ്ങൾക്ക് യുഡിഎഫ് സര്‍ക്കാര്‍ വാദ്ഗാനം ചെയ്തത് സര്‍ക്കാര്‍ ജോലി. ആറ് സ്വർണവും രണ്ട് വെള്ളിയുമടക്കം നീന്തൽ കുളത്തിൽ നിന്ന് മെഡൽ വാരിക്കൂട്ടിയ സജൻ പ്രകാശടക്കം മറ്റ് നാലു പേര്‍ക്ക് ഗസ്റ്റഡ് റാങ്കിൽ ജോലിയായിരുന്നു വാഗ്ദ്ധാനം.

റെയിൽവേ ജോലി ഒഴിഞ്ഞ് കേരള താരമെന്ന പേരിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന സജൻ പ്രകാശിന് പക്ഷേ നിരാശപ്പെടേണ്ടി വന്നു.യുഡിഎഫ് സര്‍ക്കാര്‍ മാറി എൽഡിഎഫ് സര്‍ക്കാർ വന്നിട്ടും ജോലിയായില്ല. റെയിൽവേയിൽ ക്ലറിക്കൽ തസ്തികയിൽ ബംഗലൂരുവിലാണ് സജന്റെ ജോലി. ജോലിയും നീന്തൽ പരിശീലനവുമൊക്കെയായി കേരളത്തിൽ കഴിയാനാണ് സജന്‍റെ ആഗ്രഹം.

സജന് നാട്ടിൽ കഴിയാനും കേരളത്തിന് വേണ്ടി മത്സരിക്കുവാനുമാണ് താത്പര്യം. കായികവകുപ്പ് ഇപ്പോൾ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനിലാണ് സജന്‍റെ പ്രതീക്ഷ. നവംബറിലെ ഏഷ്യൻ ചാന്പ്യൻഷിപ്പിൽ മെഡലുറപ്പിക്കാൻ ദില്ലിയിലെ ദേശീയ ക്യാന്പിൽ കഠിന പരിശീലനത്തിലാണ് സജൻ. പിന്നാലെ വരുന്ന ലോക ചാമ്പ്യൻഷിപ്പിലും ഈ ഇടുക്കിക്കാരന് മെഡൽ പ്രതീക്ഷയുണ്ട്.