തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത തുണയായി.ഷൂസില്ലാതെ സംസ്ഥാന സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ അവസരം നഷ്‌ടമായ സജീവിന് ഷൂസും സ്‌പോര്‍ട്സ് കിറ്റും കിട്ടി. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി സജീവ്.ഷൂസില്ലാത്തതിന്റെ പേരില്‍ സംസ്ഥാന സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ അവസാന നിമിഷം അവസരം നഷ്‌ടമായ കായികതാരം.വേദനയോടെ ഗ്രൗണ്ട് വിടേണ്ടിവന്ന സജീവിന്റെ കഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വാര്‍ത്ത ശ്രദ്ധയില്‍പെട്ട പൊതുപ്രവര്‍ത്തക ഗീതയാണ് സജീവിന് ഒരു കൈ സഹായവുമായെത്തിയത്.ഷൂസും ട്രാക്ക് സ്യൂട്ടുമുള്‍പ്പെടെ സജീവിന് ആവശ്യമായതെല്ലാം വാങ്ങി നല്‍കി. പറഞ്ഞറിയിക്കാനാവാത്ത സന്തോഷം സജീവിന്. ഇത്തരം കാഴ്ചള്‍ കണ്ടിട്ടും കാണാതെപോകുന്നവര്‍ക്കുളള മറുപടികൂടിയാണെന്ന് ഗീത.

സജീവിനാവശ്യം സാങ്കേതികത്തികവോടെയുളള തുടര്‍പരിശീലനമാണെന്ന് പരിശീലകന്‍ പറഞ്ഞു.സജീവ് കൂടുതല്‍ നേട്ടങ്ങളിലേക്ക് ഓടിക്കയറുന്നതാണ് ഇവരുടെ പ്രതീക്ഷ.