സിംഗപ്പൂര്‍: ഇടവേളക്ക്ശേഷമുള്ള മടങ്ങിവരവ് കിരീടനേട്ടത്തോടെ ആഘോഷിക്കാമെന്ന് സാനിയയുടെയും ഹിംഗിസിന്റെയും സ്വപ്നം പൊലിഞ്ഞു. ഡബ്ല്യുടിഎ ടൂർ ഫൈനല്‍സില്‍ സാനിയ മിര്‍സ - മാര്‍ട്ടിന ഹിംഗിസ് സഖ്യം സെമിയില്‍ തോറ്റു. സെമിയില്‍ നാലാം സീഡ് എലേന വെസ്നിന-എകതെറീന മകറോവ കൂട്ടുകെട്ടാണ് ഇന്തോ-സ്വിസ് ജോഡിയെ പരാജയപ്പെടുത്തിയത്.

റഷ്യന്‍ ജോഡിക്കെതിരെ ആദ്യ സെറ്റില്‍ മികച്ച ഫോമിലായിരുന്നു സാനിയയും ഹിംഗിസും. 6-3ന് ഒന്നാം സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ പക്ഷെ വെസ്നിനയും മകറോവയും ശക്തമായി തിരിച്ചുവന്നു. 6-2ന് രണ്ടാം സെറ്റ് റഷ്യന്‍ കൂട്ടുകെട്ടിന്. നിര്‍ണായകമായ മൂന്നാം സെറ്റ് 10-6ന് സ്വന്തമാക്കി റഷ്യന്‍ സഖ്യം കലാശപ്പോരാട്ടത്തിന് യോഗ്യത നേടി.

ഇതാദ്യമായാണ് സാനിയ-ഹിംഗിസ് കൂട്ടുകെട്ടിനെ വെസ്നിന്ന മകറോവ ജോടി തോല്‍പ്പിക്കുന്നത്. ഫൈനലില്‍ മൂന്നാം സീഡ് ബെതാനി മാറ്റെക് - ലൂസി സഫറോവ കൂട്ടുകെട്ടാണ് എതിരാളികള്‍.