ചെന്നൈ: ടെന്നിസിലെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ഇപ്പോഴും കാല്‍ നൂറ്റാണ്ട് പിന്നിലാണെന്ന് സാനിയ മിര്‍സ. ഇത് മെച്ചപ്പെടാതെ കൂടുതല്‍ പ്രതിഭകള്‍ ഇന്ത്യന്‍ ടെന്നിസിലുണ്ടാകില്ല. 25 വര്‍ഷം മുമ്പുള്ളതില്‍ നിന്ന് ഒട്ടും നമ്മള്‍ മുന്നോട്ട് പോയിട്ടില്ല. ഏറെ മെച്ചപ്പെടാനുണ്ട്. 100 കോടി ജനങ്ങള്‍ക്കിടയില്‍ നിന്ന് 20 വര്‍ഷം കൂടുമ്പോള്‍ ഒരു സാനിയ മിര്‍സ വന്നാല്‍ പോരെന്നും സാനിയ പറഞ്ഞു.
ഭര്‍ത്താവും പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരവുമായ ഷൊയിബിന് മാന്‍ ഓഫ് ദ മാച്ച്, മാന്‍ ഓഫ് ദ സീരീസ് പുരസ്കാരങ്ങള്‍ കിട്ടിയതില്‍ സന്തോഷമുണ്ടെന്നും സാനിയ വ്യക്തമാക്കി. രണ്ട് വര്‍ഷം മുമ്പ് ഇതേ ദിനമാണ് ആദ്യമായി ഞാന്‍ ഒന്നാം റാങ്കിലെത്തുന്നത്. ഏപ്രില്‍ 12 ഒരു ഭാഗ്യ ദിനമാണെന്ന് തോന്നുന്നു. സാനിയ മിര്‍സ സിംഗിള്‍സില്‍ നിന്ന് ഡബിള്‍സിലേക്ക് ചുവടുമാറിയ ശേഷം ഇന്ത്യന്‍ താരങ്ങള്‍ക്കാര്‍ക്കും സിംഗിള്‍സില്‍ ആദ്യ അന്പതില്‍ പോലും എത്താനായിട്ടില്ല.
മികച്ച അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ഇതിന് കാരണമെന്ന് സാനിയ പറഞ്ഞു. ഫ്രഞ്ച് ഓപ്പണ് മുന്നോടിയായി രണ്ട് ടൂര്‍ണമെന്‍റില്‍ കൂടി കളിക്കും. ഏഴാം വിവാഹവാര്‍ഷിക ദിനത്തില്‍ ഷൊയിബ് മാലിക് സെഞ്ച്വറി നേടിയത് മധുരിക്കുന്ന സമ്മാനമായെന്നും സാനിയ പറഞ്ഞു. ലിയാന്‍ഡര്‍ പെയ്സിനെ ഡേവിസ് കപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും സാനിയ ചെന്നൈയില്‍ പറഞ്ഞു
