സ്‌പ്രിന്‍റ് ഇനങ്ങളില്‍ ദേശീയ ചാമ്പ്യനായ ഹരിയാന അത്‌ലറ്റ് സഞ്ജീത് സിംഗ് ഉത്തേജകമരുന്ന് പരിശോധനയില്‍ കുടുങ്ങി. താരത്തെ സസ്‌പെന്‍ഡ് ചെയ്തു...

ദില്ലി: ഇന്ത്യന്‍ അത്ലറ്റിക്സിനെ ഞെട്ടിച്ച് വീണ്ടും ഉത്തേജകമരുന്ന് വിവാദം. സ്‌പ്രിന്‍റ് ഇനങ്ങളില്‍ ദേശീയ ചാമ്പ്യനായ ഹരിയാന അത്‌ലറ്റ് സഞ്ജീത് സിംഗ് ഉത്തേജകമരുന്ന് പരിശോധനയില്‍ കുടുങ്ങി. മനുഷ്യരില്‍ ഉപയോഗിക്കാന്‍ അനുമതിയില്ലാത്ത മരുന്ന് സഞ്ജീത് ഉപയോഗിച്ചെന്ന് കണ്ടെത്തിയതായി നാഡ വ്യക്തമാക്കി. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 

ദേശീയ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്‌പ്രിന്‍റ് ഡബിള്‍ നേടിയ സഞ്ജീത് 100 മീറ്ററില്‍ ദേശീയ റെക്കോര്‍ഡിന് ഒപ്പമെത്തിയിരുന്നു. സെപ്തംബര്‍ ഒന്‍പതിന് നടത്തിയ പരിശോധനയില്‍ ആണ് സഞ്ജീത് പരാജയപ്പെട്ടതെന്ന് അറിയിച്ച നാഡ, താരത്തെ സസ്‌പെന്‍ഡ് ചെയ്തതായും വ്യക്തമാക്കി. ഈ വര്‍ഷം ഉത്തേജകമരുന്ന് ഉപയോഗത്തിന് കുടുങ്ങുന്ന ഒന്‍പതാമത്തെ ഇന്ത്യന്‍ അത്‌ലറ്റാണ് സഞ്ജീത്.