ദില്ലി: ഐപിഎല്ലില്‍ മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിംഗ് മികവില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സിനെ ഡല്‍ഹി ഡെയര്‍വിള്‍സ് 10 റണ്‍സിന് കീഴടക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി സഞ്ജുവിന്റെയും ഡുമിനിയുടെ ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തപ്പോള്‍ മുംബൈയുടെ മറുപടി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സില്‍ ഒതുങ്ങി. ക്രിസ് മോറിസ് എറിഞ്ഞ അവസാന ഓവറില്‍ 21 റണ്‍സായിരുന്നു മുംബൈയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ഹര്‍ദ്ദീക് പാണ്ഡ്യ സിംഗിളെടുത്ത് സ്ട്രൈക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് കൈമാറി.

അടുത്ത പന്തില്‍ സിക്സറടിച്ച രോഹിത് മുംബൈയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും മൂന്നാം പന്തില്‍ രണ്ട് റണ്‍സ് ഓടാനുള്ള ശ്രമത്തിനിടെ ഹര്‍ദ്ദീക് പാണ്ഡ്യയുമായി കൂട്ടിയിടിച്ച് വീണ രോഹിത് റണ്ണൗട്ടായത് മുംബൈയ്ക്ക് കനത്ത തിരിച്ചടിയായി. അവസാന മൂന്ന് പന്തില്‍ മൂന്ന് റണ്‍സ് കൂടി നേടാനെ മുംബൈയ്ക്കായുള്ളു. 65 റണ്‍സെടുത്ത രോഹിത്തും 36 റണ്‍സെടുത്ത ജോസ് ബട്‌ലറും 25 റണ്‍സെടുത്ത അംബാട്ടി റായിഡുവും ചേര്‍ന്നാണ് മുംബൈയെ ലക്ഷ്യത്തിനടുത്തെത്തിച്ചത്. എന്നാല്‍ അവസാന ഓവറുകളില്‍ ക്രീസിലുണ്ടായിട്ടും പൊള്ളാര്‍ഡിന്(18 പന്തില്‍ 19) ഒന്നും ചെയ്യാനാവാഞ്ഞത് മുംബൈയ്ക്ക് തിരിച്ചടിയായി. ദില്ലിക്കായി നാലോവറില്‍ 24 റണ്‍സ് വഴങ്ങി അമിത് മിശ്ര രണ്ടു വിക്കറ്റെടുത്തു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി സഞ്ജുവിന്റെയും(48 പന്തില്‍ 60) ഡുമിനിയുടെയും(31 പന്തില്‍ 49) അവസരോചിത ഇന്നിംഗ്സുകളുടെ കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്. സഞ്ജു പുറത്തായശേഷം അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഡുമിനിയാണ് ഡല്‍ഹിയെ 150 കടത്തിയത്. ഡീകോക്കും(9), ശ്രേയസ് അയ്യരും(19), കരുണ്‍ നായരും(5) വലിയ സ്കോര്‍ നേടാനാവാതെ പുറത്തായത് ഡല്‍ഹിയുടെ സ്കോറിംഗ് വേഗം കുറച്ചിരുന്നു. മുംബൈക്കായി മക്‌ലെഗാനാഗന്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി.