പ്രണയം മൊട്ടിട്ട 2013ലെയും വിവാഹവേളയിലെയും ചിത്രങ്ങള്‍ പങ്കുവെച്ച് സഞ്ജു സാംസണിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. നീണ്ട അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതയായ ഭാര്യ ചാരുലതയ്ക്കാണ് സഞ്ജുവിന്‍റെ വേറിട്ട ആശംസ. 

തിരുവനന്തപുരം: പ്രണയദിനത്തില്‍ ഭാര്യ ചാരുലതയ്ക്ക് ക്രിക്കറ്റ് താരം സഞ്ജു സാംസണിന്‍റെ വേറിട്ട ആശംസ. 'എന്‍റെ പ്രണയിനിക്ക് വാലന്‍റൈ‌ന്‍സ് ഡേ ആശംസകള്‍ നേരുന്നു. വളരെ പ്രത്യേകതകളുള്ള പ്രണയദിനമാണിത്. ഞാന്‍ എപ്പോഴും പറയാറുള്ളപോലെ പ്രണയിനിയായും ഭാര്യയായും സുഹൃത്തായും നിന്നെ ലഭിച്ചതില്‍ അതീവ ഭാഗ്യവാനാണ്'. പ്രണയം മൊട്ടിട്ട 2013ലെയും വിവാഹവേളയിലെയും ചിത്രങ്ങള്‍ പങ്കുവെച്ച് സഞ്ജു സാംസണ്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

നീണ്ട അ‍ഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു സഞ്ജു സാംസണ്‍- ചാരുലത വിവാഹം. മാര്‍ ഇവാനിയോസ് കോളേജിലെ പഠനകാലത്താണ് ഇരുവരും പ്രണയത്തിലായത്. വിവാഹശേഷമുള്ള ആദ്യ പ്രണയദിനമാണ് ഇരുവരും ആഘോഷിക്കുന്നത്. 

കോവളത്തെ സ്വകാര്യഹോട്ടലില്‍ ലളിതമായിരുന്നു സഞ്ജു- ചാരുതല വിവാഹം. പ്രൗഢമായ വിവാഹസല്‍ക്കാരവും ഒരുക്കിയിരുന്നു. വിവാഹസല്‍ക്കാരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഇന്ത്യന്‍ എ ടീമിലും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലും സഞ്ജുവിന്‍റെ ഗുരുവായിരുന്ന ക്രിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡ് അടക്കമുള്ള പ്രമുഖര്‍ എത്തിയിരുന്നു.