ഐഎസ്എല്‍ ആഘോഷമാക്കിയ കേരളം സന്തോഷ് ട്രോഫി മത്സരങ്ങള്‍ നടത്തുന്നത് നട്ടുച്ചയ്ക്ക്. ജനറേറ്റര്‍ വാടകയ്ക്ക് പണം ഇല്ലാത്തതിനാലാണ് മത്സരങ്ങള്‍ പകലാക്കിയത്. മത്സരങ്ങള്‍ രാത്രിയിലേക്ക് മാറ്റുന്നതാണ് നല്ലതെന്ന് കേരള താരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കാണികളുടെ പിന്തുണ ടീം മുന്നേറ്റത്തിന് വഴിയൊരുക്കുന്നത് കേരളം കണ്ടിട്ട് അധികം ദിവസമായില്ല. ഐഎസ്എല്ലിലെ രാത്രി മത്സരങ്ങള്‍ ഇരുകൈയും നീട്ടിയ കേരളം രാജ്യത്തെ ഏറ്റവും പ്രമുഖ ഫുട്ബോള്‍ ചാന്പ്യന്‍ഷിപ്പ് നടത്തുന്നത് നട്ടുച്ചയ്ക്ക്. ജനുവരി അഞ്ചു മുതല്‍ 10 വരെ കോഴിക്കാട്ടെ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് കൊടുംവെയിലിൽ താരങ്ങള്‍ പന്ത് തട്ടാനൊരുങ്ങുന്നത്. ഫ്ലഡ്ലൈറ്റിൽ മത്സരങ്ങള്‍ നടത്തണമെങ്കില്‍ ജനറേറ്റര്‍ വാടകയായി പ്രതിദിനം ഒന്നേകാല്‍ ലക്ഷം രൂപ നൽകണം. ഇതിനുള്ള പണം ഇല്ലെന്നാണ് സംഘാടകരുടെവാദം.
പ്രവേശനം സൗജന്യമാണെങ്കിലും ഉച്ചയ്‍ക്ക് നടക്കുന്ന മത്സരങ്ങള്‍ക്ക് ആള് കയറുമോയെന്ന സംശയുണ്ട്. കോര്‍പ്പറേഷനോ കായികവകുപ്പോ കനിഞ്ഞില്ലെങ്കില്‍ ആളൊഴിഞ്ഞ ഗ്യാലറിക്ക് മുന്നിലാകും കേരളത്തിലേക്ക് തിരിച്ചെത്തുന്ന സന്തോഷ് ട്രോഫി.
