കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യത റൗണ്ടില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം. ആന്ധ്രയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് കേരളം തോൽപിച്ചത്.ആദ്യപകുതിയിലായിരുന്നു മൂന്നു ഗോളുകളും.വിജയത്തോടെ കേരളം ഫൈനൽ റൗണ്ട് സാധ്യതകൾ സജീവമാക്കി.

രണ്ടാം മിനിറ്റില്‍ ക്യാപ്റ്റന്‍ പി ഉസ്മാനാണ് കേരളത്തിന്റെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. 22-ാം മിനിറ്റില്‍ സഹല്‍ അബ്ദു സമദ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. 28-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് കൃത്യമായി ഹെഡ്ഡ് ചെയ്ത് ഡിഫന്‍ഡര്‍ ലിജോ മൂന്നാമത്തെ ഗോള്‍ വലയിലാക്കി. രണ്ടാം പകുതിയിൽ കേരളത്തിന് അനുകൂലമായി പെനൽറ്റി ലഭിച്ചെങ്കിലും ജോബി ജസ്റ്റിന്റെ കിക്ക് പുറത്തുപോയതോടെ കേരളത്തിന്റെ വിജയം മൂന്നു ഗോളിലൊതുങ്ങി

കേരളം ആദ്യ മത്സരത്തിൽ പോണ്ടിച്ചേരിയെ തോൽപിച്ചിരുന്നു. മറ്റൊരു മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് കർണ്ണാടക പോണ്ടിച്ചേരിയെ തോല്‍പ്പിച്ചു. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ പോണ്ടിച്ചേരി ഫൈനല്‍ റൗണ്ടിലെത്താതെ പുറത്തായി. കർണാടകയ്ക്കായി ആന്റോ സേവ്യർ രണ്ടും ആമോസ് ഒരു ഗോളും നേടി.