അവസാന മത്സരത്തില്‍ പശ്ചിമ ബംഗാളിനെ തോല്‍പിച്ചു

കൊല്‍ക്കത്ത: സന്തോഷ് ട്രോഫിയില്‍ തുടര്‍ച്ചയായ നാലാം വിജയത്തോടെ കേരളം ഗ്രൂപ്പ് ജേതാക്കള്‍. പശ്ചിമ ബംഗാളിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം പരാജയപ്പെടുത്തിയത്. 88-ാം മിനുറ്റില്‍ കെ.പി രാഹുലാണ് കേരളത്തിനായി ഗോള്‍ നേടിയത്. കേരളം നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു. 

മത്സരം സമനിലയില്‍ അവസാനിക്കും എന്ന് കരുതിനില്‍ക്കവേയാണ് വിജയഗോള്‍ പിറന്നത്. ടൂര്‍ണമെന്‍റില്‍ തോല്‍വിയറിയാത്ത കേരളം 12 പോയിന്റുമായാണ് ഗ്രൂപ്പ് എ ചാമ്പ്യന്‍മാരായത്. ഒമ്പത് പോയിന്റുള്ള ബംഗാളാണ് രണ്ടാമത്. നേരത്തെ ചത്തീസ്ഗഢിനെയും മണിപ്പൂരിനെയും മഹാരാഷ്ട്രയെയും കേരളം പരാജയപ്പെടുത്തിയിരുന്നു.