കൗമാരക്കപ്പില്‍ ഇന്ത്യ നാലാമതും മുത്തമിട്ടിരിക്കുകയാണ്. കലാശക്കളിയില്‍ ഓപ്പണര്‍ മന്‍ജോത് കല്‍റയുടെ തകര്‍പ്പന്‍ സെഞ്ചുറിയില്‍(101) ഓസ്‌ട്രേലിയയെ തോല്‍പിച്ചു. ഇന്ത്യ എട്ട് വിക്കറ്റിന് ആണ് ഓസ്‍ട്രേലിയയെ തോല്‍പ്പിച്ചത്. ഇന്ത്യയുടെ വന്‍ മതില്‍ രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തില്‍ ആണ് ടീം ഇന്ത്യ കൗമാരക്കപ്പ് സ്വന്തമാക്കിയത്. ബാറ്റിംഗിലും ബൗളിംഗിലും നിരവിധി താരങ്ങള്‍ കൗമാരലോകകപ്പില്‍ തിളങ്ങിയെങ്കിലും ആരാധകര്‍ ശ്രദ്ധിക്കുന്നത് കമലേഷ് നാഗർകോട്ടിയെന്ന യുവാവിനെയാണ്. അതിന് കാരണം ഗാംഗുലിയുടെ വാക്കുകളും.

ആ പയ്യനിൽ ഒരു കണ്ണ് വെക്കണം എന്നായിരുന്നു ഗാംഗുലിയുടെ കമന്റ്. ശിവം മവിയുടെ ബൗളിംഗിനേയും ഗാംഗുലി അന്ന് പുകഴ്‍ത്തിയിരുന്നു. പൊതുവേ 140 കിമി വേഗതയിൽ പന്തെറിയുന്ന കമലേഷ് ഒരു ഘട്ടത്തിൽ 149 കി.മി വേഗതയിൽ വരെ പന്തെറിഞ്ഞിരുന്നു. എന്തായാലും ഗാംഗുലിയുടെ വാക്കുകള്‍ വൈറലാകുകയാണ്. ആറ് മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിക്കറ്റാണ് കമലേഷ് നാഗര്‍കോട്ടി എടുത്തത്. ലോകകപ്പ് പരമ്പരയിൽ ഏറ്റവും അധികം വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമായി കമലേഷ് നാഗര്‍കോട്ടി മാറി.