കോട്ടയം: സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ ആദ്യദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായി. ആദ്യ ദിവസത്തെ 18 ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ എറണാകുളം ജില്ലയാണ് മെഡല്‍ പട്ടികയില്‍ മുന്നില്‍. പാലക്കാടും തിരുവനന്തപുരവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. സ്കൂളുകളില്‍ 23 പോയിന്റുള്ള കോതമംഗലം മാര്‍ ബേസിലാണ് മുന്നില്‍.17 പോയിന്റുള്ള പാലക്കാട് പറളി ഹൈസ്കൂള്‍ രണ്ടാം സ്ഥാനത്തുണ്ട്.

ആദ്യദിനം കല്ലടി സ്കൂളിന്റെ കുതിപ്പാണ് പ്രതീക്ഷച്ചതെങ്കിലും മാര്‍ ബേസില്‍ ശക്തമായ പോരാട്ടം കാഴ്ചവെച്ച് ഒന്നാം സ്ഥാനത്തെത്തിയത് ശ്രദ്ധേയമായി. പറളി മാ ബേസിലിന് തൊട്ടു പിന്നിലുണ്ട്. 11 പോയന്റുമായി കല്ലടി മൂന്നാം സ്ഥാനത്താണ്. ട്രാക്കില്‍ പാലക്കാടിന് ആധിപത്യം നിലനിര്‍ത്താനായെങ്കിലും ഫീല്‍ഡില്‍ ശക്തമായ പോരാട്ടം കാഴ്ചവെച്ചാണ് എറണാകുളം ജില്ലകളില്‍ ഒന്നാം സ്ഥാനത്തെത്തിയത്.

ഫീല്‍ഡിനങ്ങളിലെ എട്ട് ഫൈനലുകളിലും നാലിലും എറണാകുളമാണ് സ്വര്‍ണം നേടിയത്. തിരുവനന്തപുരം സായി സ്കൂളിന്റെ പ്രകടനും ആദ്യ ദിനത്തില്‍ ഏറെ ശ്രദ്ധേയമായി. ട്രാക്കിലും ഫീല്‍ഡിലും ഒരുപോലെ മികവറിയിക്കാന്‍ സായിയിലെ കുട്ടികള്‍ക്കായി. 400 മീറ്ററില്‍ പെണ്‍കുട്ടികളില്‍ കഴിഞ്ഞ വര്‍ഷം ഉഷ സ്കൂളിന്റെ ആധിപത്യമായിരുന്നെങ്കില്‍ ഇത്തവണ ഉഷ സ്കൂള്‍ ചിത്രത്തിലേ ഇല്ലായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്. നാളെ 24 ഫൈനലുകളാണുള്ളത്. ഇതില്‍ മീറ്റിലെ വേഗമേറിയ താരങ്ങളെ തെരഞ്ഞെടുക്കുന്ന 100 മീറ്റര്‍ ഫൈനലുകളും ഉള്‍പ്പെടും.