കരുത്തരായ ഓസ്‌ട്രേലിയയെ തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ ഐസിസി ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ എത്തിയത്. ഹര്‍മാന്‍പ്രീത് കൗറിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സാണ് ഇന്ത്യന്‍ വനിതകള്‍ക്ക് കലാശപ്പോരിന് അവസരമൊരുക്കിയത്. ഫൈനലില്‍ ജയിച്ച് ഇന്ത്യ കിരീടം നേടുമോയെന്നാണ് ക്രിക്കറ്റ് അഭ്യുദയാകാംക്ഷികള്‍ ഉറ്റുനോക്കുന്നത്. ഈ അവസരത്തില്‍ വരുന്ന ജ്യോതിഷ പ്രവചനം, പക്ഷേ ടീം ഇന്ത്യയ്‌ക്ക് അത്ര ശുഭകരമല്ല. നേരിയ വ്യത്യാസത്തില്‍ ഇന്ത്യ ഫൈനലില്‍ തോല്‍ക്കുമെന്നാണ് രാജ്യത്തെ പ്രമുഖ ജ്യോതിഷികള്‍ കവടി നിരത്തി പറയുന്നത്. അതിന് അവര്‍ക്ക് അവരുടേതായ കാരണങ്ങളുമുണ്ട്. 1983 ലോകകപ്പ് സെമിയില്‍ ഉജ്ജ്വലപ്രകടനം കാഴ്‌ചവെച്ച അന്നത്തെ നായകന്‍ കപില്‍ദേവ്, ഫൈനലിലും തിളങ്ങിയതുകൊണ്ടാണ് ലോര്‍ഡ്സില്‍വെച്ച് കിരീടം ഇന്ത്യ സ്വന്തമാക്കിയത്. 1959ല്‍ ജനിച്ച കപിലിന്റെ ഗ്രഹനില ഏറ്റവും ഉത്തമമായ അവസ്ഥയിലായിരുന്നു. അതായത് 256 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന തരത്തില്‍. എന്നാല്‍ ഇവിടെ ഹര്‍മാന്‍പ്രീത് കൗര്‍ ആണ് ഇന്ത്യയ്‌ക്ക് വേണ്ടി സെമിയില്‍ തിളങ്ങിയത്. പക്ഷേ കൗര്‍ അല്ല ഇന്ത്യന്‍ ക്യാപ്റ്റന്‍. കൗറിന് പകരം ഇന്ത്യന്‍ നായകന്‍ മിതാലിരാജ് ആണ് സെമിയില്‍ തിളങ്ങിയിരുന്നതെങ്കില്‍, കിരീടം ഇന്ത്യ നേടുമായിരുന്നുവെന്നാണ് ജ്യോതിഷികളുടെ പ്രവചനം. ഇപ്പോഴത്തെ അവസ്ഥയില്‍ നേരിയ വ്യത്യാസത്തില്‍ ഇന്ത്യ പരാജയം രുചിക്കുമെന്നാണ് പ്രവചിക്കുന്നത്. ഇന്ന് ഇന്ത്യയും ഇംഗ്ലണ്ടും കളത്തിലിറങ്ങുമ്പോള്‍, ഗ്രഹനില അനുസരിച്ച് മിതാലിരാജിനേക്കാള്‍ കൂടുതല്‍ ആനുകൂല്യം ലഭിക്കുന്നത് ഇംഗ്ലീഷ് ക്യാപ്റ്റനായിരിക്കുമെന്നും ചില ജ്യോതിഷികള്‍ പ്രവചിക്കുന്നുണ്ട്. ഇന്ത്യന്‍ താരം ജൂലിയന്‍ ഗോസ്വാമിയ്‌ക്ക് മിതാലിരാജിനേക്കാള്‍ ഏറ്റവും അനുകൂലമായ സമയമാണിപ്പോള്‍. ഇതുകൂടാതെ, ഇന്ത്യന്‍ ടീമിലെ ഒട്ടുമിക്ക താരങ്ങളും ജനിച്ചത് വളരെ മോശം ഗ്രഹനിലയിലാണെന്നും ജ്യോതിഷികള്‍ പറയുന്നു. എന്നാല്‍ മറുവശത്ത് ഇംഗ്ലണ്ട് ടീമിലെ ഒട്ടുമിക്ക കളിക്കാര്‍ക്കും ഏറെ അനുയോജ്യമായ സമയമാണിതെന്നും ജ്യോതിഷികള്‍ പറയുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ജ്യോതിശാസ്‌ത്രവിധി പ്രകാരം ഇന്ത്യന്‍ വനിതകള്‍ക്ക് ഇപ്പോള്‍ ലോകകപ്പ് ജയിക്കാന്‍ അനുയോജ്യ സമയമല്ലെന്ന് സാരം.