വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 144 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ രണ്ടു ഓവറില്‍ 15 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മല്‍സരം മഴ കാരണം ഉപേക്ഷിച്ചത്. ബൗളര്‍മാരുടെ മികവില്‍ മല്‍സരത്തില്‍ മുന്‍തൂക്കം നേടിയെടുത്ത ഇന്ത്യയ്‌ക്ക് കളി ഉപേക്ഷിച്ചത് കനത്ത തിരിച്ചടിയായി. പരമ്പര നഷ്‌ടമായതോടെ ഇന്ത്യ ടി20 ഐ സി സി ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആദ്യ മല്‍സരത്തില്‍ ഇന്ത്യ ഒരു റണ്‍സിനാണ് തോറ്റത്.

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റു ചെയ്‌ത വെസ്റ്റിന്‍ഡീസ് 19.4 ഓവറില്‍ 143 റണ്‍സിന് പുറത്തായി. ഒരു ഘട്ടത്തില്‍ അഞ്ചോവറില്‍ 50 റണ്‍സ് പിന്നിട്ട വെസ്റ്റിന്‍ഡീസിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ വരുതിയിലാക്കുകയായിരുന്നു. നാലോവറില്‍ 24 റണ‍്സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത അമിത് മിശ്രയാണ് ഇന്ത്യന്‍ ബൗളിംഗില്‍ തിളങ്ങിയത്. ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബംറ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു. മൂന്ന് ഓവര്‍ എറിഞ്ഞ ആര്‍ അശ്വിന്‍ 11 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. ഭുവനേശ്വര്‍ കുമാറിന് ഒരു വിക്കറ്റ് ലഭിച്ചപ്പോള്‍ രവീന്ദ്ര ജഡേജയ്‌ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.

25 പന്തില്‍ 43 റണ്‍സെടുത്ത ഓപ്പണര്‍ ജോണ്‍സന്‍ ചാള്‍സാണ് വെസ്റ്റിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ആദ്യ മല്‍സരത്തിലെ സെഞ്ച്വറി വീരന്‍ ഇവിന്‍ ലൂയിസ് ഏഴു റണ്‍സെടുത്ത് പുറത്തായി. സിമ്മന്‍സ്(19), കാര്‍ലോസ് ബ്രാത്ത്‌വെയ്‌റ്റ്(18), കെയ്‌റോണ്‍ പൊള്ളാര്‍ഡ്(13), ആന്ദ്രെ റസല്‍(13) എന്നിവരാണ് ചാള്‍സിനെ കൂടാതെ രണ്ടക്കം കണ്ട വിന്‍ഡീസ് ബാറ്റ്‌സ്‌മാന്‍മാര്‍. മര്‍ലോണ്‍ സാമുവല്‍സ് അഞ്ചു റണ്‍സും ആന്ദ്രെ ഫ്ലെച്ചര്‍ മൂന്നു റണ്‍സുമെടുത്ത് പുറത്തായി. തുടക്കത്തില്‍ വമ്പനടികളുമായി വെസ്റ്റിന്‍ഡീസ് കളിയുടെ ചുക്കാന്‍ പിടിച്ചെങ്കിലും, കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്തിയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിമുറുക്കിയത്.