മോസ്കോ: റഷ്യന്‍ ഫുട്ബോള്‍ ടീമിനെ നേരിടുമ്പോള്‍ മിഡ് ഫീല്‍ഡില്‍ എതിരാളികള്‍ക്ക് നേരിടേണ്ടി വരിക ഒരേ മുഖത്തെ. അന്റൺ മിരാന്‍ചുക്ക്, അലക്സി മിരാന്‍ചുക്ക് എന്ന ഇരട്ട സഹോദരന്മാര്‍ റഷ്യന്‍ ഫുട്ബോളില്‍ പ്രതിരോധം തീര്‍ക്കുമ്പോള്‍ എതിര്‍ ടീമില്‍ ഉള്ളവര്‍ക്ക് ആശയക്കുഴപ്പമുണ്ടാകാനുള്ള സാധ്യതകള്‍ സ്വാഭാവികം മാത്രമാണ്. ഇരുപത്തിരണ്ട് വയസുള്ള ഇരട്ട സഹോദരന്മാര്‍ ലോകകപ്പിന് യോഗ്യത നേടിയ റഷ്യന്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. 

 സൗത്ത് കൊറിയയ്ക്കും ഇറാനും എതിരായ സൗഹൃദ മല്‍സരങ്ങളിലാണ് ഇരട്ട സഹോദരന്മാര്‍ രാജ്യത്തിന് വേണ്ടി ആദ്യമായി ബൂട്ടണിഞ്ഞത്. തെക്കന്‍ റഷ്യയില്‍ നിന്നാണ് മിരാന്‍ചുക്ക് സഹോദരങ്ങള്‍ വരുന്നത്. ഫുട്ബോളിനോട് ഏറെ താല്‍പര്യമുള്ള സഹോദരന്മാരുടെ കളിശൈലികള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും രാജ്യത്തിനായി രണ്ടുപേരും മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും ദേശീയ കോച്ച് വൈറ്റലി മുറ്റ്കോ പ്രതികരിച്ചു. നിലവില്‍ മോസ്കോയിലെ ദേശീയ ക്ലബ്ബിന് വേണ്ടിയാണ് മിരാന്‍ചുക്ക് സഹോദരന്മാര്‍ ബൂട്ടണിയുന്നത്.