അടുത്ത ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി കളിക്കുമോ? ടീമില്‍ ധോണിയുടെ സ്ഥാനം എന്തായിരിക്കും? ഈ ചര്‍ച്ചകള്‍ സജീവമാകാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇടയ്‌ക്ക് മങ്ങിപ്പോയെങ്കിലും ശ്രീലങ്കയ്ക്കെതിരായ തകര്‍പ്പന്‍ ഇന്നിംഗ്സുകള്‍ ധോണിയെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കി. മുമ്പ് ഇന്ത്യന്‍ ടീമില്‍ ഒപ്പം കളിച്ചിരുന്ന സെവാഗുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ ധോണി നേരിട്ടിട്ടുണ്ട്. സെവാഗ് ടീമില്‍നിന്ന് പുറത്താകാന്‍ കാരണം ധോണി ആണെന്നായിരുന്നു ആരോപണങ്ങള്‍. എന്നാല്‍ അടുത്ത ലോകകപ്പില്‍ ധോണിയുടെ സ്ഥാനം എന്തായിരിക്കുമെന്ന ചോദ്യത്തിന് സെവാഗ് പറയുന്ന മറുപടി ആരാധകരുടെ ഹൃദയം കീഴടക്കുന്നതാണ്. ധോണിയുടെ പകരക്കാരനെ ഇനിയും നാം കണ്ടെത്തേണ്ടിയിരിക്കുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ ധോണിയില്ലാത്ത ടീം സങ്കല്‍പ്പിക്കാനാകില്ല- സെവാഗ് പറയുന്നു. റിഷഭ് പന്ത് പ്രതിഭയുള്ള കളിക്കാരനാണ്. എന്നാല്‍ ധോണിയുടെ പകരക്കാരന്‍ എന്ന നിലയിലേക്ക് എത്താന്‍ ഇനിയുമേറെ പോകാനുണ്ട്. അത് 2019 ലോകകപ്പിന് ശേഷമെ സംഭവിക്കുകയുള്ളുവെന്നും സെവാഗ് പറയുന്നു. അതുകൊണ്ടുതന്നെ 2019 ലോകകപ്പ് കഴിഞ്ഞിട്ട് ധോണിയുടെ പകരക്കാരനെ കണ്ടെത്തിയാല്‍ മതിയെന്നാണ് സെവാഗിന്റെ പക്ഷം. അപ്പോഴേക്കും അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ കളിക്കുന്നതിനുള്ള പരിചയസമ്പത്ത് ആര്‍ജ്ജിക്കാന്‍ റിഷഭ് പന്തിന് സാധിക്കുമെന്നും സെവാഗ് കരുതുന്നു. ധോണി റണ്‍സ് കണ്ടെത്തുന്നോ ഇല്ലയോ എന്നതിനെക്കുറിച്ച് ആശങ്ക വേണ്ട. 2019 ലോകകപ്പ് വരെ കളിക്കുന്നതിനുള്ള കായികക്ഷമത നിലനിര്‍ത്താന്‍ ധോണിക്ക് സാധിക്കണമെന്ന് പ്രാര്‍ത്ഥിക്കുകയാണ് ഇപ്പോള്‍ വേണ്ടതെന്നും സെവാഗ് പറഞ്ഞു. ധോണിയുടെ പരിചയസമ്പത്ത് ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ ഏറെ ഗുണം ചെയ്യുമെന്നും സെവാഗ് പറഞ്ഞു.