ദില്ലി: വനിതാ ലോകകപ്പില്‍ ഇന്ത്യയുടെ മുന്നേറ്റത്തില്‍ ഓപ്പണര്‍ സ്മൃതി മന്ദാനയുടെ പങ്ക് ചെറുതല്ല. ആദ്യ രണ്ട് മത്സരങ്ങളില്‍ മിന്നുന്ന വിജയവുമായി ഇന്ത്യ തിളങ്ങിയപ്പോള്‍ 196 റണ്‍സുമായി സ്മൃതി മന്ദാന ടോപ് സ്കോറര്‍ പട്ടികയില്‍ മുന്നിലെത്തി. ഇതോടെ സ്മൃതിക്ക് ആരാധകര്‍ സ്മൃതിയെ ഇന്ത്യന്‍ പുരുഷ ടീമിലെ വെടിക്കെട്ട് ഓപ്പണറായ വീരേന്ദര്‍ സെവാഗിനോട് ഉപമിക്കാനും തുടങ്ങി.
ഒരു ആരാധകന്‍ സെവാഗിനോട് ട്വീറ്റിലൂടെ ഇക്കാര്യം ചോദിക്കുകയും ചെയ്തു. താങ്കളുടെ പെണ്‍പതിപ്പാണോ സ്മൃതിയെന്ന ആരാധകന്റെ ചോദ്യത്തിന് സെവാഗ് നല്‍കിയ മറുപടിയാകട്ടെ ആരുടെയും ഹൃദയം തൊടുന്നതായിരുന്നു.
അവര്‍ സ്മൃതിയുടെ ഒന്നാം പതിപ്പാണ്. വളരെ പ്രത്യേകതയുള്ള താരം. സ്പോര്‍ട്സിനെ സ്നേഹിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും അഭിമാനം. സ്മൃതിക്കും ഇന്ത്യന്‍ ടീമിനും എല്ലാവിധ ആശംസകളുമെന്നായിരുന്നു സെവാഗിന്റെ മറുപടി. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 90 റണ്‍സടിച്ച സ്മൃതി വെസ്റ്റ് ഇന്‍ഡീസിനെതിരെ 106 റണ്‍സടിച്ചിരുന്നു.
