നാഗ്പൂര്‍: ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് അശ്വിനെയും ജഡേജയെയും റെയ്നയെയും പരിഗണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ആരാധകര്‍. ടീം പ്രഖ്യാപിനത്തിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഏകദിന ടീമില്‍ നിന്ന് തഴഞ്ഞതിന് പിന്നാലെ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിലേക്കും ഇവരെ പരിഗണിച്ചിരുന്നില്ല.
അശ്വിന്റെയും ജഡേയുടെയും പരിമിത ഓവര്‍ ക്രിക്കറ്റ് കരിയറിന് അവസനാമാകുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇരുവരെയും സെലക്ടര്‍മാര്‍ വീണ്ടും തഴഞ്ഞത്. ഏകദിന പരമ്പരയില്‍ അശ്വിന് വിശ്രമം നല്‍കിയിരിക്കുകയാണെന്നായിരുന്നു സെലക്ടര്‍മാര്‍ വിശദീകരിച്ചിരുന്നത്. എന്നാല്‍ ഈ സമയം ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് കളിക്കുകയായിരുന്നു അശ്വിന്‍. അക്ഷര്‍ പട്ടേലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് ജഡേജയെ ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമിലെടുത്തിരുന്നെങ്കിലും പകരക്കാരന്‍ ഫീല്‍ഡറായി മാത്രമെ ഗ്രൗണ്ടിലിറക്കിയുള്ളു.
ഇവര്‍ക്ക് പകരം ടീമിലെത്തിയ ചാഹലും കല്‍ദീപ് യാദവും അക്ഷര്‍ പട്ടേലും ഓസീസിനെ വട്ടം കറക്കുകയും ചെയ്തു. ഇതോടെ സെലക്ടര്‍മാര്‍ അശ്വിനെയും ജഡേയയെും വീണ്ടും തഴയുകയായിരുന്നു. നീണ്ട ഇടവേളയ്ക്കുശേഷം ടീമില്‍ തിരിച്ചെത്തുമെന്ന് കരുതിയ റെയ്നയ്ക്കാകട്ടെ കായികക്ഷമതയില്ലാത്തതാണ് തിരിച്ചടിയായത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 12 ഏകദിനങ്ങളില്‍ മാത്രമാണ് അശ്വിന്‍ കളിച്ചത്. 11 വിക്കറ്റായിരുന്നു ഈ മത്സരങ്ങളില്‍ നിന്ന് അശ്വിന്റെ സമ്പാദ്യം. 20 ട്വന്റി-20 മത്സരങ്ങളില്‍ നിന്ന് 27 വിക്കറ്റും നേടി. ജഡേജയാകട്ടെ 15 ഏകദിനങ്ങളില്‍ കളിച്ചെങ്കിലും 11 വിക്കറ്റുകള്‍ മാത്രമാണ് നേടിയത്.18 ട്വന്റി-20 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകള്‍ മാത്രമാണ് ജഡേജയുടെ സമ്പാദ്യം.
അതേസമയം, ഈ വര്‍ഷം ജൂണില്‍ അരങ്ങേറ്റം കുറിച്ച കുല്‍ദീപ് യാദവ് 10 മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റുകള്‍ നേടി. രണ്ട് ട്വന്റി-20യില്‍ നിന്ന് മൂന്ന് വിക്കറ്റും. ജൂണില്‍ തന്നെ അരങ്ങേറിയ ചാഹലാകട്ടെ 11 ഏകദിനങ്ങളില്‍ നിന്ന് 17 വിക്കറ്റുകള്‍ നേടി. ഏഴ് ഏകദിനങ്ങളില്‍ 14 വിക്കറ്റും ചാഹല്‍ സ്വന്തമാക്കി. എന്നാല്‍ ആ കണക്കുകളൊന്നുും അശ്വിന്റെയും ജഡേജയുടെയും ആരാധകരുടെ രോഷമടക്കിയില്ല എന്നാണ് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.
