മുംബൈ: ന്യുസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കും. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ കളിച്ച ടീമില്‍ വലിയ മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് സൂചന. രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പൂജര എന്നിവരുടെ സ്ഥിരതയില്ലായ്മ സെലക്ഷന്‍ കമ്മിറ്റി ചര്‍ച്ച ചെയ്യും. രാവിലെ മുംബൈയിലാണ് സെലക്ടര്‍മാരുടെ യോഗം. മൂന്ന് ടെസ്റ്റാണ് ന്യുസീലന്‍ഡിനെതിരെ ഇന്ത്യ കളിക്കുന്നത്. സെപ്റ്റംബര്‍ 22ന് കാണ്‍പൂരിലാണ് ആദ്യ ടെസ്റ്റ്.

കഴിഞ്ഞ മാസം വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ഉജ്ജ്വല പ്രകടനമാണ് കാഴ്‌ചവെച്ചത്. നാലു മല്‍സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2-0നാണ് ജയിച്ചത്. രണ്ടു മല്‍സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. ഇന്ത്യയുടെ ബാറ്റ്‌സ്‌മാന്‍മാരും ബൗളര്‍മാരും മികച്ച പ്രകടനമാണ് വെസ്റ്റിന്‍ഡീസിനെതിരെ പുറത്തെടുത്തത്. ആതുകൊണ്ടുതന്നെ ഈ ടീമിനെ നിലനിര്‍ത്തണമെന്ന് കോച്ച് അനില്‍ കുംബ്ലെയും ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയും സെലക്‌ടര്‍മാരോട് ആവശ്യപ്പെടുമെന്നാണ് സൂചന. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പൂജാര എന്നീ താരങ്ങള്‍ ടെസ്റ്റില്‍ ഉള്‍പ്പടെ സ്ഥിരതയാര്‍ന്ന പ്രകടനമല്ല കാഴ്‌ച വെയ്‌ക്കുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ പ്രകടനത്തെക്കുറിച്ച് സെലക്‌ടര്‍മാര്‍ വിശദമായി ചര്‍ച്ച ചെയ്യും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇവരില്‍ ആരെയെങ്കിലും ടീമില്‍നിന്ന് ഒഴിവാക്കുമെന്ന് സൂചനയില്ല.