വനിതാ ടെന്നിസ് താരങ്ങള്‍ കഴിവില്ലാത്തവരെന്ന ജോണ്‍ മക്കന്റോയുടെ പരാമര്‍ശം വിവാദമാകുന്നു. തന്നെ ബഹുമാനിക്കാന്‍ മക്കന്റോ ശ്രമിക്കണമെന്ന് സെറീന വില്ല്യംസ് പ്രതികരിച്ചു. യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത പ്രസ്താവനകളില്‍ തന്നെ ഉള്‍പ്പെടുത്തരുത്. ഒരു അമ്മയാകാന്‍ ഒരുങ്ങുന്ന തന്റെ സ്വകാര്യതയെ ബഹുമാനിക്കണമെന്നും സെറീന ട്വീറ്റ് ചെയ്തു. അതേസമയം സെറീന തന്നെ 2013ല്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ മക്കന്റോ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്‌തെതന്ന് ചില ടെന്നിസ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പുരുഷ വിഭാഗത്തിലെ ലോക ഒന്നാം നമ്പര്‍ താരമായ ആന്‍ഡി മറേയെ നേരിട്ടാല്‍ ഒരു ഗെയിം പോലും നേടാതെ താന്‍ തോല്‍ക്കുമെന്നായിരുന്നു സെറീനയുടെ അന്നത്തെ പരാമര്‍ശം

ആത്മകഥയുടെ പ്രചരാണര്‍ത്ഥം പങ്കെടുത്ത ടെലിവിഷന്‍ ഷോയിലാണ് ടെന്നിസ് ഇതിഹാസം ജോണ്‍ മക്കന്‍!!റോ, സെറീന വില്ല്യംസ് അടക്കമുള്ള വനിതാ താരങ്ങളെ പരിഹസിച്ചത്. സെറീന വില്ല്യംസ് പുരുഷവിഭാഗത്തിലാണ് കളിക്കുന്നതെങ്കില്‍ ലോക റാങ്കിംഗില്‍ എഴുന്നൂറാം സ്ഥാനത്താകുമായിരുന്നു, ഒരു പക്ഷേ അതിലും താഴെ. വനിതാവിഭാഗത്തില്‍ ആരെയും തോല്‍പ്പിക്കുന്നത് പോലെയെല്ല, പുരുഷ ടെന്നിസെന്നും മക്കന്റോ അഭിപ്രായപ്പെട്ടു. ഇതേത്തുടര്‍ന്നാണ് 23 സിംഗിള്‍സ് കിരീടങ്ങള്‍ ഉള്‍പ്പെടെ 39 ഗ്രാന്‍സ്ലാം ജയങ്ങള്‍ക്ക് അവകാശിയായ സെറീന മക്കന്റോയുടെ പരാമര്‍ശങ്ങളെ എതിര്‍ത്ത് രംഗത്തെത്തിയത്.