ടെന്നീസ് തിരക്കിലായതിനാല്‍ വിവാഹവും കുടുംബവുമൊന്നും ഒക്കാതെ പോയ സെറീന വില്ല്യംസ് ഒടുവില്‍ വിവാഹം കഴിക്കാനൊരുങ്ങുന്നു. രണ്ടു വര്‍ഷമായി ഡേറ്റിംഗ് നടത്തുന്ന അലക്‌സിസ് ഒഹാനിയനുമായി താരത്തിന്‍റെ വിവാഹനിശ്ചയം നടന്നതായി സെറീന തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പ്രഖ്യാപിച്ചത്. ഇപ്പോള്‍ റോമില്‍ അവധിക്കാലം ചെലവഴിക്കുന്ന സെറീന ഒഹാനിയനുമായി ഉടന്‍ കുടുംബജീവിതത്തില്‍ പ്രവേശിക്കും.

റെഡ്ഡിറ്റില്‍ ഒരു കവിത പോസ്റ്റ് ചെയ്താണ് ഒഹാനിയനോടുള്ള തന്‍റെ പ്രണയം സെറീന വെളിവാക്കിയത്. അവള്‍ യെസ് പറഞ്ഞെന്ന് പറഞ്ഞ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ റെഡ്ഡിറ്റ് പോസ്റ്റ് ഒഹാനിയനും ഷെയര്‍ ചെയ്തു. പ്രപഞ്ചത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യനാക്കി അവള്‍ തന്നെ മാറ്റിയെന്നാണ് റെഡ്ഡിറ്റ് പോസ്റ്റിന് ഒഹാനിയന്‍ മറുപടി പറഞ്ഞത്.