മാഡ്രിഡ്: ഇതുവരെ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന് റയലിന്റെ രക്ഷകന്‍ പരിവേഷമായിരുന്നു. എന്നാല്‍ ഇന്നലെ ഒറ്റ നിമിഷം കൊണ്ട് റാമോസ് വില്ലനായി. പലമത്സരങ്ങളിലും നിര്‍ണായക ഘട്ടത്തില്‍ ഗോള്‍ നേടി റയലിന്റെ രക്ഷകനായിട്ടുള്ള റാമോസിന്റെ സെല്‍ഫ് ഗോള്‍ നാല്‍പത് മത്സരങ്ങളായുള്ള റയലിന്റെ അപരാജിത കുതിപ്പ് അവസാനിപ്പിച്ചു.

കളി തീരാന്‍ അഞ്ചു മിനിട്ട് ബാക്കിയിരിക്കെ റൊണാള്‍ഡോയുടെ ഗോളില്‍ മുന്നിലായിരുന്ന റയല്‍ അവസാന നിമിഷങ്ങളില്‍ വഴങ്ങിയ രണ്ടു ഗോളില്‍ സെവിയ്യയയോട് തോറ്റു. ആദ്യം റാമോസിന്റെ സെല്‍ഫ് ഗോളിലൂടെ ഒപ്പമെത്തിയ സെവിയ്യ ഇഞ്ചുറി ടൈമില്‍ ഒരെണ്ണം കൂടി നേടിയാണ് 40 മത്സരങ്ങളായി തുടരുന്ന റയലിന്റെ അപരാജിത കുതിപ്പിന് തടയിട്ടത്.ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സെവിയ്യയുടെ ജയം.

കോപ ഡെല്‍റേയില്‍ റയലിനോസ് സമനില വഴങ്ങി പുറത്തായതിനുള്ള മധുരപ്രതികാരം കൂടിയായി സെവിയ്യയുടെ വിജയം. ഈ സീസണില്‍ ഹോം ഗ്രൗണ്ടില്‍ ഒമ്പത് മത്സരങ്ങളില്‍ സെവിയ്യയുടെ എട്ടാം ജയമാണിത്. ജയത്തോടെ പോയന്റ് പട്ടികയില്‍ ബാഴ്സലോണയെ മറികടന്ന് സെവിയ്യ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഒരു മത്സരം കുറച്ചു കളിച്ച ബാഴ്സയേക്കാള്‍ ഒരു പോയന്റ് മുന്നിലാണ് സെവിയ്യ ഇപ്പോള്‍. തോറ്റെങ്കിലും റയല്‍ തന്നെയാണ് ലീഗില്‍ ഒന്നാമത്.