ഓപ്പണര്‍ ഷഹ്സെയ്ബ് ഹസന്‍റെ വിലക്ക് നാലു വര്‍ഷമാക്കി നീട്ടി. പാക്കിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ അപ്പീലിലാണ് വിധി

ലാഹോര്‍: വാതുവെപ്പ് കേസില്‍ അകപ്പെട്ട മുന്‍ പാക്കിസ്താന്‍ ഓപ്പണര്‍ ഷഹ്സെയ്ബ് ഹസന്‍റെ വിലക്ക് നാലു വര്‍ഷമാക്കി നീട്ടി. കഴിഞ്ഞ ഫെബ്രുവരിയില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ താരത്തിന് ഒരു വര്‍ഷം വിലക്കും ഒരു മില്യണ്‍ രൂപ പിഴയും ചുമത്തിയിരുന്നു. എന്നാല്‍ പാക്കിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ അപ്പീലിലാണ് ഇപ്പോള്‍ വിലക്ക് നീട്ടിയത്. 

ടി20 ലോക കിരീടം 2009ല്‍ ഉയര്‍ത്തിയ പാക് ടീമിലംഗമാണ് ഹസന്‍. പാക്കിസ്താനായി മൂന്ന് ഏകദിനങ്ങളും 10 ടി20യും കളിച്ചിട്ടുണ്ട്. വിലക്കിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ഹസന്‍റെ അഭിഭാഷകന്‍ വ്യക്തമാക്കി. പാക്കിസ്താന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണില്‍ വാതുവെപ്പ് കേസില്‍ ഉള്‍പ്പെട്ട് ആറ് താരങ്ങളിലൊരാളാണ് ഹസന്‍. ഷാര്‍ജീല്‍ ഖാന്‍, ഖാലിദ് ലത്തീഫ്, മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് നവാസ്, നാസിര്‍ ജംഷാദ് എന്നിവരാണ് മറ്റ് താരങ്ങള്‍.