പരിക്കേറ്റ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന് മൂന്ന് ഏകദിനങ്ങളുടെ പരമ്പര നഷ്ടമാകുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

ധാക്ക: ന്യൂസീലന്‍ഡിന് എതിരായ ഏകദിന പരമ്പരയ്ക്ക് മുന്‍പ് ബംഗ്ലാദേശിന് കനത്ത തിരിച്ചടി. പരിക്കേറ്റ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന് മൂന്ന് ഏകദിനങ്ങളുടെ പരമ്പര നഷ്ടമാകുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ഫൈനലില്‍ തിസാര പെരേരയുടെ പന്തിലാണ് ഷാക്കിബിന്‍റെ ഇടത് മോതിര വിരലിന് പരിക്കേറ്റത്.

ന്യൂസീലന്‍ഡ് പര്യടനത്തിന് മുന്‍പ് പരിക്കേറ്റ് പുറത്താകുന്ന രണ്ടാം ബംഗ്ലാദേശ് താരമാണ് ഷാക്കിബ്. പേസര്‍ ടസ്‌കിന്‍ അഹമ്മദ് നേരത്തെ പരമ്പരയില്‍ നിന്ന് പുറത്തായിരുന്നു. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്‍റെ ആറാം എഡിഷനില്‍ കൂടുതല്‍ വിക്കറ്റ്(23) വീഴ്‌ത്തിയ ബൗളറാണ് ഷാക്കിബ്. ധാക്ക ഡൈനാമൈറ്റ്‌സിനായി 301 റണ്‍സ് നേടി ബാറ്റിംഗിലും ഷാക്കിബ് തിളങ്ങിയിരുന്നു. 

നേപ്പിയറില്‍ ഫെബ്രുവരി 13നാണ് ന്യൂസീലന്‍ഡ്- ബംഗ്ലാദേശ് ഏകദിന പരമ്പര തുടങ്ങുന്നത്. രണ്ടാം ഏകദിനം 16നും മൂന്നാം മത്സരം 20നും നടക്കും. മൂന്ന് ടെസ്റ്റുകളും പരമ്പരയിലുണ്ട്.