ആരോപണങ്ങള്‍ സാധൂകരിക്കുന്ന രേഖകള്‍ ബിസിസിഐയ്ക്ക് നല്‍കി

കൊല്‍ക്കത്ത: ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ സാധൂകരിക്കുന്ന രേഖകള്‍ ഭാര്യ ഹസിന്‍ ജഹാന്‍ ബിസിസിഐക്ക്
കൈമാറി. പൊലീസില്‍ സമര്‍പ്പിച്ച രേഖകളുടെ പകര്‍പ്പാണ് ഹസിന്‍ ബിസിസിഐക്ക് നല്‍കിയത്. നേരത്തേ ഷമി ഒത്തുകളിച്ചെന്ന ഹസിന്‍ ജഹാന്‍റെ
ആരോപണം അന്വേഷിക്കാന്‍ ബിസിസിഐ തീരുമാനിച്ചിരുന്നു. 

ഒത്തുകളിക്കാനായി ഷമി പാകിസ്ഥാനി യുവതിയില്‍ നിന്ന് പണം പറ്റിയെന്നായിരുന്നു ഹസിന്‍ ജഹാന്‍റെ ആരോപണം. ഇംഗ്ലണ്ടിലെ വ്യവസായിക്ക് വേണ്ടിയാണ് പാകിസ്ഥാനി യുവതി ഇടനിലക്കാരി ആയതെന്നും ഭാര്യ ആരോപിക്കുന്നു. ഇതോടൊപ്പം ഗാര്‍ഹിക പീഡനത്തിനും ഷമിക്കെതിരെ ഭാര്യ കേസ് നല്‍കിയിട്ടുണ്ട്.

ഹസിന്‍ ജഹാന്‍റെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഷമിയുടെ വാര്‍ഷിക കരാര്‍ ബിസിസിഐ റദ്ദാക്കിയിരുന്നു. എന്നാല്‍ താന്‍ ഒത്തുകളിച്ചുവെന്ന് തെളിഞ്ഞാല്‍ തൂക്കിലേറ്റാമെന്ന് ഷമി നേരത്തെ വ്യക്തമാക്കിയിരുന്നു. ഷമിക്കെതിരായ ആരോപണങ്ങളില്‍ കൊല്‍ക്കത്ത പൊലിസിന്‍റെ അന്വേഷണം നടന്നുവരികയാണ്.