കറാച്ചി: വിക്കറ്റെടുത്താല്‍ പിന്നെ ഷൊയൈബ് അക്തറിനെ പിടിച്ചാല്‍ കിട്ടില്ല. കൈകള്‍ ഇരുവശത്തേക്കും വിടര്‍ത്തി വിമാനം പോലെ ഗ്രൗണ്ടിലൂടെ റാവല്‍പിണ്ടി എക്സപ്രസ് പറക്കും. അതിവേഗം കൊണ്ടും നീണ്ട റണ്ണപ്പുകൊണ്ടും ബാറ്റ്സ്മാന്റെ മനസില്‍ തീ കോരിയിടുന്ന അക്തര്‍ വിക്കറ്റെടുത്തശേഷമുള്ള വ്യത്യസ്തമായ വിജയാഘോഷത്തിലൂടെ കളിക്കുന്ന കാലത്ത് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. എന്നാല്‍ അത് വെറും പറക്കലായിരുന്നില്ലെന്നാണ് അക്തറിപ്പോള്‍ പറയുന്നത്.

Scroll to load tweet…

അങ്ങനെ വിജയമാഘോഷിക്കാന്‍ അക്തറിന് ഒരു കാരണമുണ്ട്. ജെറ്റ് വിമാനങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശംമൂലം യുദ്ധവിമാനത്തിന്റെ പൈലറ്റാവാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് അക്തര്‍ പറഞ്ഞു. കുട്ടിക്കാലത്ത് തന്റെ വീടിന് മുകളിലൂടെ മിറാജ്, എഫ്16 യുദ്ധവിമാനങ്ങള്‍ പറന്നുപോവുന്നതിന്റെ ശബ്ദം തന്നെ ആവേശംക്കൊള്ളിച്ചിരുന്നതായും അക്തര്‍ വെളിപ്പെടുത്തുന്നു.

അടുത്തിടെ തന്റെ പന്തില്‍ മുറിവേറ്റ് ക്രീസ് വിട്ട 19 ബാറ്റ്സ്മാന്‍മാരുടെ പട്ടിക ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ബാറ്റ്സ്മാന് പരിക്കേല്‍ക്കുന്നത് കാണാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും
എന്നാല്‍ ഓസ്ട്രേലിയയുടെ മാത്യു ഹെയ്ഡനെ പരുക്കേല്‍പ്പിക്കണം എന്ന് താന്‍ ആഗ്രഹിച്ചിരുന്നതായും അക്തര്‍ പറഞ്ഞിരുന്നു.