"ശുഭ്മാന്‍ ഗില്‍ ഓപ്പണറായും മധ്യനിര ബാറ്റ്സ്‌മാനായും തിളങ്ങാന്‍ കഴിവുള്ള താരമാണ്. ന്യൂസീലന്‍ഡ് പര്യടനത്തില്‍ റിസര്‍വ് ഓപ്പണറായി താരത്തെ ഉള്‍പ്പെടുത്താനാണ് തീരുമാനം".

സിഡ്‌നി: അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി കൗമാര താരം ശുഭ്മാന്‍ ഗില്‍ തയ്യാറെടുത്തതായി ഇന്ത്യന്‍ മുഖ്യ സെലക്‌ടര്‍ എം എസ് കെ പ്രസാദ്. അണ്ടര്‍ 19, ഇന്ത്യന്‍ എ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായി ഗില്ലിനെ കുറിച്ച് ചര്‍ച്ച ചെയ്തതായും പ്രസാദ് പറഞ്ഞു. 

ശുഭ്മാന്‍ ഗില്‍ ഓപ്പണറായും മധ്യനിര ബാറ്റ്സ്‌മാനായും തിളങ്ങാന്‍ കഴിവുള്ള താരമാണ്. ന്യൂസീലന്‍ഡ് പര്യടനത്തില്‍ റിസര്‍വ് ഓപ്പണറായി താരത്തെ ഉള്‍പ്പെടുത്താനാണ് തീരുമാനം. ഗില്‍ ലോകകപ്പ് കളിക്കുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. എന്നാല്‍ ന്യൂസീലന്‍ഡില്‍ ഇന്ത്യന്‍ എയ്ക്കായി അവിസ്മരണീയ ബാറ്റിംഗാണ് ഗില്‍ കാഴ്‌ചവെച്ചതെന്നും എം എസ് കെ പ്രസാദ് പറഞ്ഞു. 

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് ഹര്‍ദിക് പാണ്ഡ്യയും കെ എല്‍ രാഹുലിനെയും നാട്ടിലേക്ക് തിരിച്ചുവിളിച്ചതിനെ തുടര്‍ന്നാണ് ഗില്ലിനെ ടീമിലുള്‍പ്പെടുത്തിയത്. ഓള്‍റൗണ്ടര്‍ വിജയ് ശങ്കറും ടീമിലെത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരെ അവശേഷിക്കുന്ന രണ്ട് ഏകദിനങ്ങളിലും ന്യൂസീലന്‍ഡ് പര്യടനത്തിലേക്കുമാണ് വിജയ് ശങ്കറിനെ ഉള്‍പ്പെടുത്തിയത്. ഗില്‍ ന്യൂസീലന്‍ഡ് പര്യടനത്തിലാവും ടീമിനൊപ്പം ചേരുക. 

ഇന്ത്യന്‍ അരങ്ങേറ്റം കാത്തിരിക്കുന്ന ഗില്ലിന് 19 വയസ് മാത്രമാണുള്ളത്. 2018ല്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്‍റെ ഉപനായകനായിരുന്നു. ടൂര്‍ണമെന്‍റില്‍ 372 റണ്‍സ് നേടി ടോപ് സ്‌കോററായി. ലോകകപ്പിലെ മികച്ച താരമായും ഭാവി താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.