കൊളംബോ: ഇന്ത്യാ-ശ്രീലങ്ക ട്വന്റി-20 മത്സരത്തിലെ ടോസിനെച്ചൊല്ലിയുള്ള വിവാദത്തില്‍ വിശദീകരണവുമായി ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ടോസിന്റെ എഡിറ്റ് ചെയ്ത വീഡിയോ ട്വീറ്റ് ചെയ്താണ് ലങ്കന്‍ ബോര്‍ഡ് ടോസ് യഥാര്‍ത്ഥത്തില്‍ ഇന്ത്യക്കു തന്നെയായിരുന്നുവെന്ന് സമര്‍ത്ഥിക്കുന്നത്. എന്നാല്‍ വീഡിയോ എഡിറ്റ് ചെയ്തതാണെന്നും മുഴുവന്‍ വീഡിയോയയും പുറത്തുവിടാന്‍ ധൈര്യമുണ്ടോ എന്നുചോദിച്ച് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

മത്സരത്തില്‍ യഥാര്‍ത്ഥത്തില്‍ ടോസ് ലഭിച്ചത് ലങ്കയ്ക്കായിരുന്നെങ്കിലും കമന്റേറ്ററയാ മുരളി കാര്‍ത്തിക്ക് അബദ്ധത്തില്‍ ടോസ് ഇന്ത്യക്കാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് കോലിയെ സംസാരിക്കാന്‍ വിളിക്കുകയും ചെയ്തു.ലങ്കന്‍ നായകന്‍ ഉപുല്‍ തരംഗയ്ക്കും കോലിക്കും കാര്‍ത്തിക്കിനും പുറമെ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റും ഈ സമയം പിച്ചിലുണ്ടായിരുന്നു.

തരംഗ കോയിന്‍ ടോസ് ചെയ്തപ്പോള്‍ കോലി ഹെഡ്സ് എന്നാണ് വിളിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ടെയ്ല്‍ ആണ് വീണത്. മാച്ച് റഫറി കോയിന്‍ നോക്കിയശേഷം ലങ്കന്‍ നായകനുനേരെ വിരല്‍ ചൂണ്ടുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ തരംഗയ്ക്ക് തൊട്ടടുത്ത് നിന്നിരുന്ന കോലിയെയാണ് മാച്ച് റഫറി വിളിച്ചതെന്ന് കരുതി കാര്‍ത്തി ഇന്ത്യക്ക് ടോസെന്ന് പ്രഖ്യാപിച്ച് കോലിയെ സംസാരിക്കാന്‍ വിളിക്കുകയും ടോസ് ജയിച്ച കോലി ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയുമായിരുന്നു.