സച്ചിനോ ലാറയ്‌ക്കോ പോണ്ടിംഗിനോ എത്തിപ്പിടിക്കാനാകാതെ പോയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത്. ടെസ്റ്റിലെ ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗ് നിശ്ചയിക്കുന്ന റേറ്റിങ് പോയിന്റിന്റെ കാര്യത്തിലാണ് സ്മിത്ത് അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. സ്മിത്തിന് മുന്നില്‍ ഇനിയുള്ളത് സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്‍ മാത്രം. ടെസ്റ്റ് റാങ്കിംഗില്‍ രണ്ടുവര്‍ഷമായി ഒന്നാം സ്ഥാനത്ത് തുടരുന്ന സ്മിത്തിന് ഇപ്പോള്‍ 945 റേറ്റിങ് പോയിന്റാണുള്ളത്. 961 പോയിന്റുള്ള ഓസീസ് ക്രിക്കറ്റ് ഇതിഹാസം ബ്രാഡ്മാന്‍ മാത്രമാണ് സ്മിത്തിന് മുന്നിലുള്ളത്. ഇപ്പോള്‍ റേറ്റിങ് പോയിന്റിന്റെ കാര്യത്തില്‍ ഇംഗ്ലീഷ് താരം ലെന്‍ ഹുട്ടനൊപ്പം രണ്ടാം സ്ഥാനത്താണ് സ്മിത്ത്. ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ മൂന്നാം മല്‍സരത്തില്‍ ഇരട്ടസെഞ്ച്വറി നേടിയതോടെയാണ് സ്മിത്തിന്റെ റേറ്റിങ് പോയിന്റ് 941ല്‍നിന്ന് 945 ആയി ഉയര്‍ന്നത്. ഇനി 16 പോയിന്റ് കൂടി നേടിയാല്‍ ബ്രാഡ്മാനൊപ്പം എത്തി ചരിത്രം കുറിക്കാന്‍ സ്മിത്തിന് സാധിക്കും. റേറ്റിങ് പോയിന്റിന്റെ കാര്യത്തില്‍ ഇപ്പോള്‍ കളിക്കുന്നവരില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് രണ്ടാം സ്ഥാനത്തുള്ളത്. 893 ആണ് കോലിയുടെ ടെസ്റ്റ് റാങ്കിംഗിലെ റേറ്റിങ് പോയിന്റ്. 873 പോയിന്റുള്ള പൂജാരയാണ് മൂന്നാം സ്ഥാനത്ത്.