ദില്ലി: മുഖാവരണം ധരിച്ച് ഫീല്‍ഡ് ചെയ്യാനിറങ്ങിയ ലങ്കന്‍ താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് സൗരവ് ഗാംഗുലി. പുകമഞ്ഞിനെ തുടര്‍ന്ന് ഫീല്‍ഡ് വിട്ടുപോയ താരങ്ങള്‍ ബാറ്റ് ചെയ്യുമ്പോള്‍ മുഖാവരണം ധരിക്കാത്തത് എന്തുകൊണ്ടെന്ന് ഗാംഗുലി ചോദിച്ചു. ഫിറോസ് ഷാ കോട‌്‌ലയിലെ മൂന്നാം ടെസ്റ്റിന്‍റെ രണ്ടാം ദിവസമാണ് ലങ്കന്‍ താരങ്ങള്‍ മുഖാവരണം ധരിച്ച് ഫീല്‍ഡ് ചെയ്തത്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അപൂര്‍വ്വ സംഭവമായിരുന്നു ഇത്. 

ദില്ലിയിലെ അന്തരീക്ഷ മലിനീകരണം ശരിവെക്കുമ്പോളും ശ്രീലങ്കയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് പലരും രംഗത്തെത്തിയിരുന്നു. മുഖാവരണം ശ്രീലങ്കന്‍ താരങ്ങളുടെ നാടകമായിരുന്നെന്നും ഇന്ത്യയുടെ മുന്‍ നായകന്‍ അഭിപ്രായപ്പെട്ടു. അതേസമയം മൂന്നാം ദിനം ബാറ്റ് ചെയ്യവേ അസ്വസ്തത പ്രകടിപ്പിച്ച ശ്രീലങ്കന്‍ നായകന്‍ ദിനേശ് ചണ്ഡിമല്‍ ടീം ഫിസിയോയുടെ സഹായം തേടി. ശ്രീലങ്കന്‍ താരങ്ങളെ വിമര്‍ശിച്ച് ബിസിസിഐയുടെ താല്‍കാലിക പ്രസിഡന്‍റും രംഗത്തെത്തി.