ദില്ലി: ഇന്ത്യന്‍ കോച്ച് സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാതിരിക്കാന്‍ ചില കളികള്‍ നടന്നു എന്ന സേവാഗിന്‍റെ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു. ബിസിസിഐ ആവശ്യപ്പെട്ടിട്ട് അപേക്ഷ നല്‍കിയ തന്നെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഗ്രൂപ്പുകളികളാണ് പിന്നിലാക്കിയത് എന്ന് പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു സേവാഗ്. അതിന് ശേഷം ഈ കാര്യത്തില്‍ പ്രതികരണവുമായി ബിസിസിഐ ക്രിക്കറ്റ് ഉപദേശക സമിതി അംഗമായ ഗാംഗുലി രംഗത്ത് എത്തിയത്.

വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം. ഈ കാര്യത്തില്‍ വിഡ്‌ഢിത്തമായി സേവാഗ് പറയുന്നത് എന്നാണ് ഗാംഗുലി അഭിപ്രായപ്പെട്ടത്. ഇത് ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് ഇത് നിഷേധിച്ച് ഗാംഗുലി രംഗത്ത് എത്തിയത്. ട്വിറ്ററിലൂടെയാണ് ഗാംഗുലിയുടെ പ്രതികരണം. സേവാഗിന്‍റെ പ്രസ്താവന തെറ്റാണെന്നാണ് താന്‍ ഉദ്ദേശിച്ചത് എന്നും വാര്‍ത്തയില്‍ തന്‍റെ വാക്കുകള്‍ വളച്ചോടിച്ചതാണെന്നും സേവാഗുമായി ഉടന്‍ കാണുമെന്നും ഗാംഗുലി പറയുന്നു.

എന്നാല്‍ ഗാംഗുലിയുടെ പ്രസ്താവന വന്നിട്ടും ട്വിറ്ററില്‍ എല്ലാത്തിനും കുറിക്ക് കൊള്ളുന്ന മറുപടി പറയാറുള്ള സേവാഗ് മിണ്ടിയിട്ടില്ല. ക്രിക്കറ്റ് ലോകത്ത് സേവാഗ് ഏറ്റവും ബഹുമാനിക്കുന്ന വ്യക്തികളില്‍ ഒരാളാണ് ഗാംഗുലി എന്നാണ് സംസാരം. ഇതാണ് അതിരുവിട്ട പ്രസ്താവന ഗാംഗുലി നടത്തിയിട്ടും സേവാഗ് മൗനം തുടരുന്നതിന്‍റെ കാരണം എന്നാണ് റിപ്പോര്‍ട്ട്. 

ഇന്ത്യ ടിവിയുടെ അഭിമുഖത്തിലാണ് കഴിഞ്ഞ ദിവസം സേവാഗ് ബിസിസിഐയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തില്‍ തുറന്നടിച്ചത്. സച്ചിനും ഗാംഗുലിയും ലക്ഷ്മണനും അടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതിക്കെതിരെയും പരോക്ഷമായ വിമര്‍ശനമായിരുന്നു സേവാഗിന്‍റെ പ്രസ്താവന.