കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഹര്‍ഭജന്‍ സിംഗിനെ കൈപിടിച്ചുയര്‍ത്തിയ ക്യാപ്റ്റനാണ് സൗരവ് ഗാംഗുലി. ദാദയ്ക്കു കീഴിലാണ് ഹര്‍ഭജന്‍ സിംഗ് ലോകോത്തര ഓഫ് സ്പിന്നറായി വളര്‍ന്നത്. ആ സ്നേഹം ഇരുവര്‍ക്കുമിടയില്‍ ഇപ്പോഴുമുണ്ട്. കഴിഞ്ഞ ദിവസം ഭാര്യ ഗീതാ ബസ്രക്കും മകള്‍ സനയ്ക്കുമൊപ്പം അമൃത്സറിലെ സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ച ഹര്‍ഭജന്‍ അതിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തു.
ചിത്രം കണ്ട ഗാംഗുലി ഹര്‍ഭജനെയും കുടുംബത്തെയും ആശംസിച്ചു. ഒപ്പം ഇതുകൂടി കുറിച്ചു. നിന്റെ മോന്‍ വളരെ സുന്ദരനാണ് ഭാജി. അവനെ സ്നേഹം കൊണ്ടു പൊതിഞ്ഞ് വളര്‍ത്തുക എന്നായിരുന്നു ദാദയുടെ ട്വീറ്റ്. എന്നാല്‍ ഹര്‍ഭജന് മകനല്ല മകളാണെന്ന് അറിയാതെയായിരുന്നു ദാദയുടെ ട്വീറ്റ്. തെറ്റ് ഉടന്‍ തിരിച്ചറിഞ്ഞ ഗാംഗുലി ഉടന്‍ തന്നെ അത് തിരുത്തി.
ക്ഷമിക്കണം, എനിക്ക് വയസായി വരികയല്ലെ ഭാജി, നിന്റെ മകള്‍ സുന്ദരിയാണെന്നാണ് ഞാന്‍ ഉദ്ദേശിച്ചത് എന്നായിരുന്നു ഗാംഗുലിയുടെ തിരുത്ത്. താങ്കളുടെ അനുഗ്രഹത്തില്‍ സന്തോഷം, വൈകാതെ നേരില്‍ക്കാണാമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു ഇതിന് ഭാജിയുടെ മറുപടി. ഹര്‍ഭജന്‍ കളിച്ച കളിച്ച 103 ടെസ്റ്റില്‍ 37ലും ഗാംഗുലിയായിരുന്നു നായകന്‍. ഗാംഗുലിക്ക് കീഴില്‍ കളിച്ച ടെസ്റ്റുകളില്‍ 177 വിക്കറ്റ് നേടിയിട്ടുണ്ട് പര്‍ഭജന്‍.
