കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലിയുടെ ഉപദേശം. പേസും ബൗണ്‍സും നിറഞ്ഞ ദക്ഷിണാഫ്രിക്കന്‍ പിച്ചില്‍ ഭയമില്ലാതെ കളിക്കണം. പര്യടനത്തിലെ വെല്ലുവിളികള്‍ ധൈര്യസമേതം ഏറ്റെടുക്കണമെന്നും ആരാധകരുടെ പ്രിയപ്പെട്ട ദാദ ആവശ്യപ്പെട്ടു. ജനുവരി അഞ്ചിനാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. തുടര്‍ച്ചയായ പരമ്പര വിജയങ്ങളുടെ റെക്കോര്‍ഡുമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് വണ്ടികയറുക.
കോലി താരങ്ങളെ നയിക്കുന്ന രീതി അഭിനന്ദനാര്‍ഹമാണെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു. വിദേശ പിച്ചുകളില്‍ ഇന്ത്യക്ക് കാലിടറും എന്ന ക്രിക്കറ്റ് പ്രവചകര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ദാദ നല്‍കിയത്. നായകന്‍ വിരാട് കോലിക്ക് കീഴില്‍ മികച്ച പ്രകടനമാണ് ടീം ഇന്ത്യ നടത്തുന്നത്. കോലി നായകനായ ശേഷം ടെസ്റ്റില്‍ ഇന്ത്യ പരാജയമറിഞ്ഞിട്ടില്ല. ഇന്ത്യന്‍ ബാറ്റിംഗ് മുന്‍നിര പതിവില്‍ നിന്ന് വ്യത്യസ്തമായി തയ്യാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞതായി മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രയാം സ്മിത്ത് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
