തുടര്‍ പരാജയങ്ങള്‍ക്കൊടുവില്‍ രണ്ടാം ഏകദിനത്തിലെ വിജയാവേശത്തില്‍ ക്രീസിലിറങ്ങിയ ഓസ്ട്രേലിയയെ ഫാഫ് ഡൂപ്ലെസിയും ഡേവിഡ് മില്ലറും ചേര്‍ന്ന് അടിച്ചുപറത്തി. ഇരുവരുടെയും സെഞ്ചുറികളുടെ മികവില്‍ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം 40 റണ്‍സിന് ജയിച്ച് മൂന്ന് മത്സര പരമ്പര ദക്ഷിണാഫ്രിക്ക 2-1ന് സ്വന്തമാക്കി.

ഹൊബാര്‍ട്ട്: തുടര്‍ പരാജയങ്ങള്‍ക്കൊടുവില്‍ രണ്ടാം ഏകദിനത്തിലെ വിജയാവേശത്തില്‍ ക്രീസിലിറങ്ങിയ ഓസ്ട്രേലിയയെ ഫാഫ് ഡൂപ്ലെസിയും ഡേവിഡ് മില്ലറും ചേര്‍ന്ന് അടിച്ചുപറത്തി. ഇരുവരുടെയും സെഞ്ചുറികളുടെ മികവില്‍ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം 40 റണ്‍സിന് ജയിച്ച് മൂന്ന് മത്സര പരമ്പര ദക്ഷിണാഫ്രിക്ക 2-1ന് സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിസ്‍ 320 റണ്‍സെടുത്തപ്പോള്‍ ഷോണ്‍ മാര്‍ഷ് സെഞ്ചുറി അടിച്ചിട്ടും ഓസീസ് പോരാട്ടം 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സിലൊതുങ്ങി.

പതിനാറാം ഓവറില്‍ മൂന്നാം വിക്കറ്റ് നഷ്ടമാവുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ ബോര്‍ഡില്‍ 55 റണ്‍സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ നാലാം വിക്കറ്റില്‍ റെക്കോര്‍ഡ് കൂട്ടുകെട്ടുയര്‍ത്തിയ മില്ലറും(108 പന്തില്‍ 139), ഡൂപ്ലെസിയും 114 പന്തില്‍ 125) ചേര്‍ന്ന് ഓസീസിന്റെ വിജയമോഹങ്ങള്‍ തല്ലിക്കൊഴിച്ചു.

നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 252 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അവസാന 15 ഓവറില്‍ മാത്രം ഓസീസ് വഴങ്ങിയത് 174 റണ്‍സാണ്. ആദ്യ 25 ഓവറില്‍ 3.73 റണ്‍സ് ആയിരുന്നു ദക്ഷിണാഫ്രിക്കയുടെ റണ്‍ റേറ്റ്. അടുത്ത 25 ഓവറില്‍ 9.08 ശരാശരിയില്‍ റണ്‍സ് സ്കോര്‍ ചെയ്താണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോര്‍ കുറിച്ചത്.

മറുപടി ബാറ്റിംഗില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ക്രിസ് ലിന്നിനെ(0) നഷ്ടമായ ഓസീസിനായി ഷോണ്‍ മാര്‍ഷും(106), സ്റ്റോയിനിസും(63), കാരിയും(42), മാക്സ്‌വെല്ലും(35) പൊരുതി നോക്കിയെങ്കിലും ദക്ഷിണാഫ്രിക്കന്‍ സ്കോറിന് അടുത്തെത്താനായില്ല. ദക്ഷിണാഫ്രിക്കക്കായി ഡെയ്ല്‍ സ്റ്റെയ്നും റബാഡയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.